അമ്പലപ്പുഴ: രേഖകള്‍ നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥിയ്ക്ക് കെ.എ.എസ് പരീക്ഷയെഴുതാന്‍ പോലീസ് തുണയായി. ചേര്‍ത്തല പാണാവള്ളി വിഷ്ണുപ്രിയ നിവാസില്‍ വിഷ്ണുപ്രിയക്കാണ് അമ്പലപ്പുഴ പോലീസ് തുണയായത്.
ഇന്നു നടന്ന പിഎസ്സിയുടെ കെഎഎസ് പരീക്ഷയെഴുതാനായാണ് വിഷ്ണുപ്രിയ ചേര്‍ത്തലയില്‍ നിന്ന് തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റില്‍ കയറിയത്. പുന്നപ്ര കാര്‍മല്‍ കോളജായിരുന്നു പരീക്ഷാകേന്ദ്രം. പുന്നപ്രയില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ ബസ് വണ്ടാനത്താണ് നിര്‍ത്തിയത്.
ഇവിടെ നിന്ന് ഓട്ടോറിക്ഷയില്‍ പരീക്ഷാ കേന്ദ്രത്തിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് രേഖകള്‍, പണം, മൊബൈല്‍ ഫോണ്‍ എന്നിവയടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടതറിഞ്ഞത്. ഉടന്‍ ആ ഓട്ടോറിക്ഷയില്‍ത്തന്നെ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെത്തി. പോലീസിന്റെ സഹായത്തോടെ അമ്പലപ്പുഴയില്‍ വച്ച് ബസ് തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയെങ്കിലും ഇവ കണ്ടെത്താന്‍ കഴിഞ്ഞില്ല.
വിഷ്ണുപ്രിയയുടെ അവസ്ഥ മനസിലാക്കിയ പോലീസ് ഉടന്‍ തന്നെ പോലീസ് ജീപ്പില്‍ വിഷ്ണുപ്രിയയെ പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചു. ഒറിജിനല്‍ രേഖകള്‍ക്ക് പകരം കൈവശമുണ്ടായിരുന്ന പകര്‍പ്പ് രേഖകള്‍ ഹാജരാക്കിയാണ് വിഷ്ണുപ്രിയ പരീക്ഷയെഴുതിയത്.