ട്രെയിനില്‍ ടി.ടി.ഇയെ പോലീസ് കൈയ്യേറ്റം ചെയ്ത സംഭവം; കേസെടുത്തപ്പോള്‍ വാദി പ്രതിയായി!
തൃശൂര്‍: ടിക്കറ്റില്ലാതെ ജനശതാബ്ദി ട്രെയിനില്‍ യാത്ര ചെയ്തതു ചോദ്യം ചെയ്ത ടി.ടി.ഇയെ പോലീസുകാര്‍ കൈയേറ്റം ചെയ്തെന്ന പരാതിയില്‍ കേസെടുത്തപ്പോള്‍ വാദി പ്രതിയായി. ട്രെയിനില്‍ കൂടെയുണ്ടായിരുന്ന തടവുകാരെ ആക്രമിച്ചെന്നു കാട്ടി ടി.ടി.ഇ.യെ പ്രതിയാക്കിയാണു പോലീസ് കേസെടുത്തത്. വിയ്യൂര്‍ ജയിലില്‍നിന്നു തടവുകാരെ എറണാകുളത്തേക്കു വിചാരണയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണു സംഭവം. ട്രെയിനില്‍ കയറി ചാലക്കുടിയില്‍ എത്തുന്നതിനു തൊട്ടുമുമ്പാണ് പോലീസുകാരോടു ടി.ടി.ഇ. ടിക്കറ്റ് തിരക്കിയത്.
യാത്ര ചെയ്യാന്‍ റിസര്‍വേഷന്‍ ടിക്കറ്റ് വേണമെന്നാണു ചട്ടം. എന്നാല്‍ പോലീസുകാര്‍ സാധാരണ ടിക്കറ്റാണു എടുത്തത്. ഇതു ചോദ്യംചെയ്ത ടി.ടി.ഇയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കൃത്യനിര്‍വഹണം തടഞ്ഞെന്നു ചൂണ്ടിക്കാട്ടി ടി.ടി.ഇ. ഇതിനിടെ എറണാകുളം റെയില്‍വേ പോലീസിനു പരാതി നല്‍കി. ഒരു നടപടിയുമെടുത്തില്ല. വിഷയം ഡി.ജി.പിയുടെ മുന്നിലെത്തിക്കാനും നീക്കമുണ്ട്.
അതേസമയം ടി.ടി.ഇക്കെതിരേ കേസ് എടുക്കുകയും ചെയ്തു. തടവുകാര്‍ക്കായി നല്‍കുന്ന യാത്രാബത്തയില്‍ സാധാരണ ടിക്കറ്റ് എടുക്കാനേ കഴിയുകയുളളൂ. ടി.ടി.ഇ. സത്യേന്ദ്രകുമാര്‍ മീണയ്ക്ക് എതിരേ മുമ്പു സമാനവിഷയത്തില്‍ പരാതികളുയര്‍ന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. യാത്രികരോടു അപമര്യാദയായി പെരുമാറിയതിനു പല പരാതികളും ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. മുമ്പും പോലീസ് പരിശോധന ഇദ്ദേഹം തടഞ്ഞിരുന്നുവെന്നു പറയുന്നു. കോടതിയില്‍ കൃത്യസമയത്തു പ്രതികളെ എത്തിച്ചില്ലെങ്കില്‍ കോടതി നടപടിയുണ്ടാകുമെന്നു അറിയിച്ചിട്ടും ടി.ടി.ഇ. അനാവശ്യമായി വിഷയം വഷളാക്കിയെന്നാണ് പോലീസ് നിലപാട്.