സ്വകാര്യഭാഗങ്ങളില്‍ കുരുമുളക് സ്‌പ്രേ പ്രയോഗവും ക്രൂരമര്‍ദ്ദനവും; കൊല്ലത്ത് യുവാവിന് കസ്റ്റഡി പീഡനം
കൊല്ലം: മോഷണക്കേസില്‍ അറസ്റ്റിലായ യുവാവിനെ പോലീസ് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയെന്ന് പരാതി. ഗുഹ്യഭാഗങ്ങളില്‍ കുരുമുളക് സ്പ്രേ തേയ്ക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായാണ് പരാതി. പീഡനം വിവരിച്ചു പന്തളം കുരമ്പാല സ്വദേശി ആര്‍.രാജേഷ് (31) പുനലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിനു മൊഴി നല്‍കി. തുടര്‍ന്നു പോലീസിനെതിരെ കോടതി കേസെടുത്തു. കുറ്റം ചെയ്തിട്ടില്ലെന്നു പറഞ്ഞിട്ടും എസ്ഐ ഉള്‍പ്പെടെ ചവിട്ടുകയും ഇടിക്കുകയും ചെയ്തെന്നു മൊഴിയില്‍ പറയുന്നു. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്നു പുനലൂര്‍ പോലീസ് പറയുന്നു. പുനലൂരിലെ കല്യാണവീട്ടില്‍ സൗണ്ട് സിസ്റ്റം ഓപ്പറേറ്ററായി വന്ന രാജേഷ്, ചടങ്ങു കഴിഞ്ഞു സൗണ്ട് സിസ്റ്റം കൊണ്ടുപോയതിനൊപ്പം 2 ലക്ഷം രൂപ വിലയുള്ള ക്യാമറയും കടത്തിക്കൊണ്ടുപോയെന്നാണു കേസ്.
ആദ്യം സ്റ്റേഷനില്‍ വിളിച്ചു ചോദ്യം ചെയ്തു വിട്ടയച്ചെങ്കിലും പിന്നീട് വ്യക്തമായ സൂചനയെത്തുടര്‍ന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. പോലീസിനെതിരെ നടപടി ആവശ്യപ്പെട്ടു രാജേഷിന്റെ ഭാര്യ സിനി മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 25നു രാത്രി രാജേഷിനെ കസ്റ്റഡിയിലെടുത്തെങ്കിലും 27ന് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 28നു കോടതിയില്‍ ഹാജരാക്കിയപ്പോഴാണു മജിസ്ട്രേട്ടിനു മുന്നില്‍ യുവാവ് മൊഴി നല്‍കിയത്.