തെളിവെടുപ്പിന് വിലങ്ങഴിച്ചപ്പോള്‍ പോലീസിനെ മുറിയില്‍ പൂട്ടിയിട്ട് പ്രതി ഓടി രക്ഷപെട്ടു
തിരുവനന്തപുരം: നിരവധി മോഷണക്കേസുകളിലെ പ്രതി തെളിവെടുപ്പിനിടെ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെ തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബൈക്ക് മോഷണക്കേസ് പ്രതിയായ കാട്ടാക്കട തൂങ്ങാംപാറ സ്വദേശി സെബിന്‍ സ്റ്റാലിന്‍ ആണ് വിരലടയാളം എടുക്കുന്നതിനായി വിലങ്ങ് അഴിച്ചപ്പോള്‍ സ്‌റ്റേഷനില്‍ നിന്ന് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.
നിരവധി കേസിലെ പ്രതിയായ സെബിന്‍ ഒരു ബൈക്ക് മോഷണത്തിനിടെ സിസിടിവിയില്‍ കുടിങ്ങയതോടെയാണ് പോലീസ് പിടിയിലായത്. ഇന്നലെ ഉച്ചയോടെ ബൈക്ക് മോഷണക്കേസില്‍ വിരലടയാളം എടുക്കുന്നതിനായി സ്റ്റേഷനില്‍ വച്ച് സബിന്റെ വിലങ്ങ് അഴിച്ച് നടപടികളിലേയ്ക്ക് കടക്കുന്നതിനിടെ പോലീസിനെ തള്ളിയിട്ട് മുറി പൂട്ടി പ്രതി രക്ഷപ്പെടുകയായിരുന്നു.
സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാറിനെ തള്ളിയിട്ട ശേഷമാണ് പ്രതി ഓടി രക്ഷപ്പെട്ടത്. മുറിയുടെ വാതില്‍ പുറത്തു നിന്ന് പൂട്ടിയ ശേഷം സ്റ്റേഷനു പിന്നിലുള്ള മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പാറാവിനുണ്ടായിരുന്ന വനിത പോലീസുകാര്‍ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും സെബിന്‍ രക്ഷപ്പെട്ടിരുന്നു. അതേസമയം വേണ്ടത്ര സുരക്ഷ ഒരുക്കാതിരുന്നതിനാലാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്.