വിവാഹിതയായ യുവതിയുമായി ഫേസ്ബുക്കിലൂടെ സല്ലാപം; തിരുവനന്തപുരത്ത് എസ്.ഐയ്ക്ക് കിട്ടിയത് എട്ടിന്റെ പണി
തിരുവനന്തപുരം: വിവാഹിതയായ യുവതിയുമായി സമൂഹമാധ്യമങ്ങളിലൂടെ സല്ലപിച്ച എസ്.ഐയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. യുവതിയുടെ സന്ദേശത്തിനു എസ്.ഐ മറുപടി ല്‍കാതിരുന്നതാണ് സംഭവം വഷളാക്കിയത്. അയച്ച സന്ദേശത്തിന് മറുപടി ലഭിക്കാതെ വന്നതോടെ മനംനൊന്ത് യുവതി ഫേസ്ബുക്കില്‍ ആത്മഹത്യ ഭീഷണി സന്ദേശം പോസ്റ്റു ചെയ്യുകയായിരിന്നു. ഈ കുറിപ്പ് ആലപ്പുഴയിലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ എറണാകുളത്തെ പോലീസ് ഗ്രൂപ്പിലേക്കു ഷെയര്‍ ചെയ്‌തോടെയാണ് സംഭവം വിവാദമായത്. നഗരാതിര്‍ത്തിയിലെ ഒരു സ്റ്റേഷനില്‍ ചാര്‍ജ് എടുത്ത എസ്.ഐയാണു പുലിവാലു പിടിച്ചത്.
നഗരമധ്യത്തിലെ മറ്റൊരു സ്റ്റേഷനില്‍ ജോലി ചെയ്യവെ ശ്രീകാര്യത്തു പേയിങ് ഗസ്റ്റായി താമസിക്കുന്ന കേരള യൂണിവേഴ്‌സിറ്റി ജീവനക്കാരിയുമായി ഫേസ്ബുക്കിലൂടെ ഇയാള്‍ സൗഹൃദത്തിലായി. ഏറെ നാള്‍ നീണ്ട സൗഹൃദം ഉദ്യോഗസ്ഥന്‍ ഒഴിവാക്കാന്‍ ശ്രമിച്ചതോടെയാണ് വഷളായത്. യുവതി പലവട്ടം നേരില്‍ കാണാന്‍ ശ്രമിച്ചു. എസ്‌ഐ പോകുന്നിടത്തെല്ലാം ഇവര്‍ പിന്നാലെ പോകുമായിരുന്നത്രെ. കാണണമെന്ന യുവതിയുടെ ആവശ്യം ഇദ്ദേഹം നിരസിക്കുകയും മറുപടി നല്‍കാതിരിക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു ആത്മഹത്യാഭീഷണി.
സംഭവം ശ്രദ്ധയില്‍പ്പെട്ട അസി.കമ്മിഷണര്‍ യുവതിയെ കൗണ്‍സിലിങിനു വിധേയമാക്കാന്‍ വനിതാപൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇന്നലെ യുവതിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി വിഷയം ധരിപ്പിച്ചു. എസ്‌ഐക്ക് എതിരെ പരാതിയില്ലെന്നും അബദ്ധം പറ്റിയതാണെന്നും യുവതി പറഞ്ഞുവെന്നാണു പോലീസിന്റെ വിശദീകരണം.