KeralaNews

കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നു – മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം:കേന്ദ്ര മന്ത്രിമാരുടെ നിർദ്ദേശത്തിന് വഴങ്ങി കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തുടർച്ചയായി സർക്കാർ സ്ഥാപനമായ കിഫ്ബി യിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയാണ്. വനിതാ ഉദ്യോഗസ്ഥരോട് പോലും മര്യാദയില്ലാതെയാണ് പെരുമാറിയത്.

2019 മെയ് മാസം കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടിന്റെ കാര്യങ്ങളാണ് ഇ. ഡി അന്വേഷിക്കുന്നത്. ഇത് ഇപ്പോൾ സംഭവിച്ച കാര്യമല്ല. ഇതിന് യാതൊരു അടിയന്തിര സ്വഭാവവും ഇല്ല.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 28ന് കൊച്ചിയിൽ ബിജെപി പ്രചാരണ യോഗത്തിൽ നടത്തിയ പ്രസംഗം അവരുടെ രാഷ്ട്രീയ ഇടപെടലിന്റെ സൂചനയാണ്. കിഫ്ബിയുടെ പ്രവർത്തനങ്ങളെയും സംസ്ഥാന സർക്കാരിന്റെ ബജറ്റിനെയും ആക്രമിച്ചുകൊണ്ടാണ് അവർ സംസാരിച്ചത്. അന്വേഷണ കാര്യത്തിൽ ഇ ഡി കാണിക്കുന്ന അനാവശ്യ ധൃതിയും മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി കൊടുക്കുന്നതും ഇത്തരത്തിലുള്ള രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണ്.

നിർമ്മലാ സീതാരാമൻ നയിക്കുന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴിലാണ് ഇ.ഡി. പ്രവർത്തിക്കുന്നത്. ഒരു കേസിൽ സാക്ഷികളെ വിളിച്ചു വരുത്തുന്നത് വിവരങ്ങളും തെളിവുകളും ശേഖരിക്കുന്നതിനാവണം. എന്നാൽ ഇവിടെ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മാധ്യമ പ്രചാരണത്തിനാണ് ഇത്തരം വിവരങ്ങൾ ഉപയോഗിക്കുന്നത്.

മാർച്ച് രണ്ടിന് ഇലക്ട്രോണിക് മീഡിയ റിപ്പോർട്ട് ചെയ്തത് കിഫ്ബി സി.ഇ ഒ ക്ക് സമൻസ് നൽകി എന്നാണ്. എന്നാൽ ഇതുവരെ അദ്ദേഹത്തിന് ഇത്തരത്തിൽ സമൻസ് ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അന്തരീക്ഷം വഷളാക്കാനാണ് ഇത്തരത്തിൽ മാധ്യമങ്ങളിലൂടെ വിവരങ്ങൾ ചോർത്തി നൽകുന്നത്.

ഉദ്യോഗസ്ഥരിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ നഷ്ടപ്പെടുത്തുന്ന രീതിയിലാണ് കേന്ദ്ര ധനമന്ത്രിയുടെ ഇടപെടൽ. അന്വേഷണ ഏജൻസികളുടെ അധികാരം കേന്ദ്ര ഭരണകക്ഷിയുടെയും കേരളത്തിലെ പ്രതിപക്ഷത്തിന്റെയും തെരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അന്വേഷണ ഏജൻസികൾ നിയമത്തിന്റെ അന്തസ്സത്തക്കനുസരിച്ച് പ്രവർത്തിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker