തൃശൂര്‍: മുഖം നോക്കാതെ നിയമം നടപ്പാക്കണമെന്ന് പോലീസുകാരോടു മുഖ്യമന്ത്രി പിണറായി വിജയന്‍. പാവപ്പെട്ടവര്‍ക്കു നീതി നിഷേധിക്കരുതെന്നും അവര്‍ക്ക് അല്‍പം മുന്‍ഗണന കൊടുത്ത് അവരെ സഹായിക്കുന്ന ശൈലി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളാണ് ഏതു സര്‍വീസിന്റെയും യജമാനന്‍മാര്‍. ജനങ്ങളെ സഹായിക്കുക, ജനങ്ങളുടെ കൂടെ നില്‍ക്കുക, ജനങ്ങളുടെ വിശ്വാസമാര്‍ജിക്കുക എന്നിവ ഏറ്റവും പ്രധാനമാണെന്നു തിരിച്ചറിയാന്‍ പോലീസുകാര്‍ക്കു കഴിയണം.
മടിയും ഭയവും ലവലേശവുമില്ലാതെ പോലീസ് സ്റ്റേഷനില്‍ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ഏതൊരു വ്യക്തിക്കും സാധിക്കണം. പോലീസ് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും നിയമപരമായ കാര്യങ്ങളില്‍ ചെയ്യേണ്ടതില്ലെന്നും തൃശൂര്‍ കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.