തിരുവനന്തപുരം: എന്‍ഐഎ ഏറ്റെടുത്ത യുഎപിഎ കോഴിക്കോട് പന്തീരങ്കാവ് കേസ് സംസ്ഥാന പോലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അമിത് ഷായ്ക്ക് കത്തയച്ചു. പ്രതിപക്ഷ വികാരം മാനിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മാവോയിസ്റ്റുകളെന്ന് ആരോപിച്ച് സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരായ യുഎപിഎ കേസാണ് എന്‍ഐഎ ഏറ്റെടുത്തത്. സംഭവം വിവാദമായതോടെ പ്രതിപക്ഷം പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ചൊവ്വാഴ്ച വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചപ്പോള്‍ കേസ് എന്‍ഐഎക്ക് വിട്ടുകൊടുത്തത് സംസ്ഥാന സര്‍ക്കാര്‍ അല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
യുഎപിഎ ചുമത്തിയത് പുനപരിശോധിക്കുന്നതിനു മുമ്പ് തന്നെ കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസ് തിരിച്ചുവിളിക്കാന്‍ സാധിക്കുമെന്ന് പ്രതിപക്ഷം സഭയെ അറിയിച്ചു. എന്‍ഐഎ നിയമത്തിന്റെ 7 ബി വകുപ്പ് ഉപയോഗിച്ച് കേസ് സംസ്ഥാന സര്‍ക്കാര്‍ തിരികെ വിളിക്കണമെന്നും യുഎപിഎ ചുമത്തിയത് പുനപരിശോധിക്കണമെന്നും വിഷയം ഉന്നയിച്ച പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് മുഖ്യമന്ത്രി അമിത് ഷാക്ക് കത്തയച്ചിരിക്കുന്നത്.