സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് രാവിലെ 11ന്
തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കിടെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് അഞ്ചാം വര്‍ഷത്തിലേയ്ക്ക്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വാര്‍ഷികാഘോഷ പരിപാടികള്‍ ഒന്നും വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലൂടെ ജനങ്ങളുമായി സംവദിക്കും. അതേസമയം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് 11 മണിക്ക് നടക്കും. ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ആരോഗ്യ രംഗത്തെ നേട്ടങ്ങളുമായാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നത്. നിപയെ വിജയകരമായി മറികടന്നതിന് ശേഷം, കൊവിഡിനെതിരെ മികച്ച രീതിയില്‍ പ്രതിരോധം സൃഷ്ടിക്കാനും സര്‍ക്കാരിന് കഴിഞ്ഞു. കേരളം നടത്തിയ മുന്നേറ്റം ലോകമാധ്യമങ്ങളുടെ വരെ ശ്രദ്ധ തേടി. ആദ്യഘട്ടം മുതല്‍ സര്‍ക്കാര്‍ നടപ്പാക്കിയ നിയന്ത്രണങ്ങളും മുന്നൊരുക്കങ്ങളും രോഗവ്യാപനം തടയുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. അതേസമയം തന്നെ ചില വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് പഴി കേള്‍ക്കേണ്ടതായും വന്നു. കസ്റ്റഡി മരണങ്ങളും മാവോവാദി ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും അറസ്റ്റുകളുമെല്ലാം ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. ഇതിനിടയും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കാര്യമായ മങ്ങലേറ്റില്ല എന്നതാണ് ശ്രദ്ധേയം.
കൂടുതല്‍ ജനകീയമായ അജണ്ടകള്‍ക്കായിരുക്കും ഇനി സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുക എന്നതിന്റെ സൂചനയാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ സാമൂഹിക മാധ്യമ സംവാദം. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും അവ ജനങ്ങള്‍ക്കിടയില്‍ സജീവമായി നിലനിര്‍ത്തുന്നതിനും ആയിരിക്കും ഇനി പ്രഥമ പരിഗണന.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എല്‍ഡിഎഫ് സര്‍ക്കാര്‍ നാളെ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ആഘോഷപരിപാടികള്‍ ഏതുമില്ലാതെയാണ് നാലാം വാര്‍ഷികം കടന്നുപോകുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ സംവദിക്കാന്‍ ആലോചിക്കുന്നു. വാര്‍ത്താസമ്മേളനത്തിന് ശേഷമാകും സോഷ്യല്‍ മീഡിയയിലൂടെയുള്ള സംവാദം. കൃത്യസമയം രാവിലെ അറിയിക്കാം. എല്ലാ സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളിലേയും അക്കൗണ്ടുകളിലൂടെ നിങ്ങള്‍ക്ക് ഇപ്പോള്‍ മുതല്‍ നാളെ രാവിലെ 11 മണി വരെ ചോദ്യങ്ങള്‍ ചോദിക്കാം.