Home-bannerKeralaRECENT POSTSTop Stories

ശ്രീറാം വെങ്കിട്ടരാമനെതിരായ അന്വേഷണം:വെള്ളം ചേര്‍ക്കാന്‍ അനുവദിയ്ക്കില്ല മുഖ്യമന്ത്രി, മദ്യപിച്ചിരുന്നില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ മാത്രമെ പറയു, എന്താണ് സംഭവിച്ചതെന്ന് പൊതുവെ എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ടെന്നും പിണറായി വിജയന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. മദ്യപിച്ചും അമിതമായ വേഗതയിലുമാണ് വാഹനം ഓടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യങ്ങള്‍ക്കടക്കം കൃത്യമായ തെളിവുകള്‍ ലഭിക്കേണ്ടതുണ്ട് മുഖ്യമന്ത്രി പറഞ്ഞു.

അമിത വേഗത്തിലാണ് വണ്ടിയോടിച്ചാണ് അപകടമുണ്ടായത് എന്ന് എല്ലാവര്‍ക്കും അറിയാം. കൃത്യസമയത്ത് രക്തപരിശോധന നടത്തുന്നതില്‍ അടക്കം പൊലീസിന് ഉണ്ടായ വീഴ്ചകള്‍ പ്രത്യേകം പരിശോധിക്കും. നടപടികളിലുണ്ടായ വീഴ്ച അന്വേഷിക്കാനും വേണ്ട നടപടി നിര്‍ദ്ദേശിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കും. സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കേസ് അന്വേഷണത്തിലും നിയമനടപടിയിലും വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ല. അത്തരം ശ്രമം ആരെങ്കിലും നടത്തിയാല്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും ആരേയും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മദ്യപിച്ചിരുന്നില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ മാത്രമെ പറയു. എന്താണ് സംഭവിച്ചതെന്ന് പൊതുവെ എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. രക്തത്തില്‍ മദ്യത്തിന്റെ അംശം ഇല്ലാതാക്കാന്‍ മരുന്ന് കഴിച്ചെന്ന ആക്ഷേപത്തില്‍ അടക്കം വിശദമായ അന്വേഷണം നടക്കുമെന്നും പിണറായി വിജയന്‍ അറിയിച്ചു.

അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ട കെഎം ബഷീറിന്റെ കുടുംബത്തെ സഹായിക്കുന്ന കാര്യം സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയില്‍ ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതോടൊപ്പം അസമയത്ത് ജോലിചെയ്യേണ്ടിവരികയും ജോലിയുടെ ഭാഗമായി യാത്രചെയ്യേണ്ടിവരികയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ ജോലിയുടെ സ്വഭാവം പരിഗണിച്ച് അത്തരം ആളുകള്‍ക്ക് പരിരക്ഷ ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ച് ആലോചിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ സംഘടനയുമായി ആലോചിച്ച് ഇതിന് അന്തിമ രൂപം നല്‍കും. അപകടകരമായ സാഹചര്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരെയും പരിരക്ഷയുടെ പരിധിയില്‍ വരുത്താനാണ് ആലോചനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker