നിങ്ങളുടെ ഫോണുകള്‍ ഇവയെങ്കില്‍ നവംബര്‍ 3 ന് പണിമുടക്കും,ഉടന്‍ അപേഡ്റ്റ് ചെയ്യണം
കാലിഫോര്‍ണിയ : നവംബര്‍ മൂന്നിന് ഐഫോണുകളും ഐപാഡും പണിമുടക്കുമെന്ന് മുന്നറിയിപ്പ്. ഐഫോണ്‍ അല്ലെങ്കില്‍ ഐപാഡ് 2012ലോ അതിനു മുന്‍പോ നിര്‍മിച്ചതാണെങ്കില്‍ അതായത്, ഐഫോണ്‍ 4എസ്/5 തുടങ്ങിയ മോഡലുകളോ ഐപാഡ് 2 പോലെയുള്ള മോഡലൊ ആണെങ്കില്‍ താമസിയാതെ പ്രവര്‍ത്തനരഹിതമാകുകയോ, കുറഞ്ഞത് സുഗമമായ പ്രവര്‍ത്തനം നിലയ്ക്കുകയോ ചെയ്യാനുളള സാധ്യതയുണ്ട്. (വൈഫൈ മാത്രമുള്ള ഐപാഡ് മോഡലുകള്‍ കയ്യില്‍ വച്ചിരിക്കുന്നവര്‍ക്ക് പ്രശ്‌നമില്ല.
ഈ ഫോണുകളുടെ സോഫ്‌റ്റ്വെയര്‍ അപ്‌ഡേഷന്‍ നിലച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണം. പുതിയ ഐഒഎസ് പതിപ്പുകള്‍ സ്വീകരിക്കാനുള്ള ഹാര്‍ഡ്വെയര്‍ കരുത്ത് ഇവയ്ക്കില്ല. എന്നാല്‍ ഈ ഫോണുകള്‍ പ്രവര്‍ത്തിക്കാനായി പുതിയൊരു സോഫ്‌റ്റ്വെയര്‍ ഫിക്‌സ് ആപ്പിള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിലൂടെ പ്രവര്‍ത്തന മികവോ, ഫീച്ചറുകളോ അല്ല കിട്ടുക മറിച്ച് ഈ മോഡലുകള്‍ ഉടനെ നേരിടാന്‍ പോകുന്ന ജിപിഎസ് ടൈം റോളോവര്‍ (GPS time rollover) എന്ന പ്രശ്‌നത്തിനു പരിഹാരമായാണ് പുതിയ അപ്‌ഡേറ്റ് എത്തുന്നത്. ജിപിഎസ് ഉള്ള എല്ലാ പഴയ മോഡലുകളും കയ്യില്‍ വച്ചിരിക്കുന്നവര്‍ ഈ അപ്‌ഡേറ്റ് സ്വീകരിക്കണം. അല്ലെങ്കില്‍ അവയുടെ പ്രവര്‍ത്തനം സുഗമമാവില്ല.
നവംബര്‍ 3 മുതല്‍ ചില ഐഫോണുകള്‍ക്കും ഐപാഡ് മോഡലുകള്‍ക്കും ഐഒഎസ് അപ്‌ഡേറ്റ് ആവശ്യമാണ് എന്നാണ് ആപ്പിള്‍ ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്. കൃത്യമായ സമയവും തിയതിയും തെറ്റുന്നതാണ് ഫോണുകള്‍ക്കും മറ്റും പ്രശ്‌നം സൃഷ്ടിക്കുന്നത്. സമയവും തിയതിയും ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ പ്രവര്‍ത്തനത്തെയും ഇതു ബാധിക്കും. അപ്‌ഡേറ്റു ചെയ്ത ശേഷം സോഫ്‌റ്റ്വെയര്‍ വേര്‍ഷന്‍ പരിശോധിക്കുകയും വേണം.
ഐഫോണ്‍ 4എസ്, ഐപാഡ് മിനി (ആദ്യ തലമുറ, വൈ-ഫൈ+സെല്ലുലാര്‍), ഐപാഡ് 2 വൈ-ഫൈ+സെല്ലുലാര്‍, ഐപാഡ് 3 വൈ-ഫൈ+സെല്ലുലാര്‍ എന്നിവയുടെ വേര്‍ഷന്‍ ഐഒഎസ് 9.3.6 എന്നു കാണിച്ചിരിക്കും. ഐഫോണ്‍ 5, ഐപാഡ് നാലാം തലമുറ വൈ-ഫൈ+സെല്ലുലാര്‍ എന്നിവ അപ്‌ഡേറ്റിനു ശേഷം ഐഒഎസ് 10.3.4 എന്നും കാണിക്കും