BusinessNews

മൊബൈൽ റീചാർജുകൾക്ക് അധികതുക ഈടാക്കി ഫോൺ പേയ്ക്ക് പിന്നാലെ പേടിഎമ്മും

മുംബൈ: മൊബൈൽ റീചാർജുകൾക്ക് (Mobile Recharge) അധികതുക ഈടാക്കി പേടിഎം (PAYTM). ഒരു രൂപ മുതൽ ആറു രൂപ വരെയാണ് ഈടാക്കുന്നത്. റിചാർജ് തുകയനുസരിച്ചാണ് അധികതുക ഈടാക്കുന്നത്.  പേടിഎം വാലറ്റ് ബാലൻസ് അല്ലെങ്കിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) വഴിയോ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി റീചാർജ് ചെയ്താലും അധിക തുക ഈടാക്കും.

നിലവിൽ പുതിയ അപ്ഡേഷൻ പ്രകാരമുള്ള ഈ മാറ്റം എല്ലാവർക്കും ലഭ്യമല്ല.  കൺവീനിയൻസ് ഫീസായാണ് പേടിഎം പണമെടുക്കുന്നതെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പണമീടാക്കുന്നത് സംബന്ധിച്ച അപ്ഡേഷൻ പല ഉപയോക്താക്കൾക്കും മാർച്ച് മുതൽ ലഭ്യമായിരുന്നു. വൈകാതെ ഇത് കൂടുതൽ പേരിലെക്കെത്തും. വരുമാനം വർധിപ്പിക്കാനായി പേടിഎം കണ്ടുപിടിച്ച മാർഗമാണിതെന്നാണ് വിലയിരുത്തൽ.

കാർഡുകൾ, യുപിഐ, വാലറ്റ് എന്നിവ ഉൾപ്പെടുന്ന ഏതെങ്കിലും പേയ്‌മെന്റ് രീതി ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളിൽ നിന്ന് അധികതുക ഈടാക്കില്ലെന്ന് 2019 ൽ പേടിഎം ട്വീറ്റ് ചെയ്തിരുന്നു. പേടിഎമ്മിലെ നിലവിലെ അപ്ഡേഷന് സമാനമായി ഒക്ടോബറിൽ ഫോൺപേ ഉപഭോക്താക്കളിൽ നിന്നും പണമീടാക്കിയിരുന്നു. 100 രൂപയ്ക്ക് മുകളിലുള്ള മൊബൈൽ റീചാർജുകൾക്കാണ് ഉപഭോക്താക്കളിൽ നിന്ന് “പ്രോസസിംഗ് ഫീസ്” എന്ന പേരിൽ അന്ന് അധികതുക ഈടാക്കിയിരുന്നത്.

തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഈടാക്കലെന്നായിരുന്നു അന്നത്തെ വാദങ്ങൾ. ഫോൺപേയും പേടിഎമ്മും അധിക തുക ഈടാക്കുന്നതിനായി ഉപയോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് ഉപയോഗിക്കുന്ന മാനദണ്ഡമെന്തെന്ന് ഔദ്യോഗികമായി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.സോഷ്യൽ മീഡിയയിൽ ഉപഭോക്താക്കൾ പങ്കുവെച്ച വിവരങ്ങൾപ്രകാരം ഫോൺപേ കൂടുതൽ പേരിൽ നിന്നും മൊബൈൽ റീചാർജുകൾക്ക് അധിക തുക ഈടാക്കുന്നുണ്ടെന്നും വ്യക്തമാണ്.

അടുത്തിടെയാണ് രാജ്യത്തെ ടെലികോം കമ്പനികൾ  ഓൺലൈൻ റീട്ടെയിലർമാർക്കുള്ള കമ്മീഷൻ ഏകദേശം 50 ബേസിസ് പോയിന്റായി (BPS) കുറച്ചത്. പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) യാണ് ഇക്കാര്യം അറിയിച്ചത്. ഒരു ഉപഭോക്താവ് ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കുമ്പോൾ  മർച്ചന്റ് ഡിസ്കൗണ്ട് നിരക്കായി ലഭിക്കുന്നത് (എംഡിആർ) 1.8 ശതമാനമാണ്. പക്ഷേ, പല ഓൺലൈൻ റീട്ടെയിലർമാർക്കും ഇത് ലഭ്യമാകുന്നില്ല.

ആമസോൺ, ഗൂഗിൾ പേ തുടങ്ങിയ  പ്ലാറ്റ്ഫോമുകളാണ് നിലവിൽ മൊബൈൽ റീചാർജുകൾക്ക് അധികതുക ഈടാക്കാത്തവർ. ടെലികോം ഓപ്പറേറ്റേഴ്സായ എയർടെൽ, ജിയോ എന്നിവർ തങ്ങളുടെ ആപ്പുകളിലൂടെയുള്ള റീച്ചാർജിനെ പിന്തുണക്കുന്നവരാണ്. അധിക തുക ഈടാക്കലിനെ കുറിച്ച് ബോധ്യമുള്ള ഉപഭോക്താക്കൾ നിലവിൽ തുക ഈടാക്കാത്ത ആപ്പുകളെ റീച്ചാജിനായി ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker