ഡൽഹി:കൊവിഡ് പ്രതിസന്ധികളെ തുടർന്ന് പിഎഫുമായി ബന്ധപ്പെട്ട എല്ലാ ക്ലെയിമുകളും ഓൺലൈനാക്കുന്നത് എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പരിഗണിക്കുന്നു. നിലവിൽ കൊവിഡുമായി ബന്ധപ്പെട്ട നോൺ റീഫണ്ടബിൾ ക്ലെയിമുകൾ ഓൺലൈനായാണ് പരിഗണിക്കുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട ക്ലെയിമുകൾ 72 മണിക്കൂറിനുളളിലാണ് നിലവിൽ തീർപ്പാക്കുന്നത്. സാധാരണ ക്ലെയിമുകൾ തീർപ്പാക്കാൻ ഒരു മാസം സമയം നേരത്തെ ആവശ്യമായിരുന്നു. ഉപഭോക്താക്കളുടെ കെവൈസി വിവരങ്ങൾ പിഎഫിന് സമർപ്പിച്ചിട്ടുളള രേഖകളുമായി ഒത്തുപോകുന്നുണ്ടെങ്കിൽ അതും ഓൺലൈനായി തീർപ്പാക്കുന്നതാണ് പരിഗണിക്കുന്നത്.
ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഇപിഎഫ്ഒ ട്രസ്റ്റി ബോർഡാണ്. കൊവിഡ് ധനകാര്യ പ്രതിസന്ധി പരിഗണിച്ച് പിഎഫിൽ നിന്ന് 75 ശതമാനം വരെയോ മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളമോ (ഏതാണോ കുറവ്) അത് പിൻവലിക്കാൻ അനുവദിച്ച് കേന്ദ്രം നേരത്തെ ഉത്തരവ് നൽകിയിരുന്നു. സർക്കാരിന്റെ പുതിയ നയ തീരുമാനപ്രകാരം, മെയ് ഒന്ന് മുതലുളള കണക്കുകൾ പ്രകാരം 72 ലക്ഷം പേർ തുക പിൻവലിച്ചിരുന്നു. 18,500 കോടി രൂപയാണ് ഇത്തരത്തിൽ പിൻവലിച്ചത്.