പ്രളയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി രാജിവെക്കണമെന്ന് ഹര്‍ജി; പിഴയടക്കേണ്ട കേസാണിതെന്ന് കോടതി പറഞ്ഞതോടെ ഹര്‍ജി പിന്‍വലിച്ച് തടിയൂരി
കൊച്ചി: പ്രളയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയയാള്‍ കോടതിയുടെ രൂക്ഷവിമര്‍ശനം. വിമര്‍ശനത്തെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിച്ചു.
പ്രളയവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെയും മാധ്യമവാര്‍ത്തകളുടെയും അടിസ്ഥാനത്തിലായിരുന്നു ഹര്‍ജി നല്‍കിയത്. എന്നാല്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ എന്ത് അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി നല്‍കിയതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല കോടതി പ്രവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രശസ്തിക്കുവേണ്ടി ദുരുദ്ദേശപരമായാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വലിയ പിഴ അടക്കേണ്ട കേസാണിത്. ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ ചിലവ് സഹിതം തള്ളുമെന്നും ഹൈക്കോടതി മുന്നറിയിപ്പു നല്‍കി.
ഇതോടെ ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിച്ച് തടിയൂരുകയായിരുന്നു.