ഫേസ്ബുക്കില്‍ വീണ്ടും വലിയ വിവരച്ചോര്‍ച്ച. ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള 41.9 കോടി അക്കൗണ്ട് ഉടമകളുടെ വ്യക്തിവിവരങ്ങളാണ് ഇത്തവണ ചോര്‍ന്നിരിക്കുന്നത്. അമേരിക്കയില്‍ 13.3 കോടി യൂസര്‍മാരുടേയും ബ്രിട്ടനിലെ 1.8 കോടി പേരുടേയും വിയറ്റ്നാമിലെ 5 കോടി പ്രൊഫൈലുകളുടേയും ഫോണ്‍ നമ്പറുകള്‍ പരസ്യമായെന്ന് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ചോര്‍ന്നവയുടെ കൂട്ടത്തില്‍ ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇല്ലെന്നാണ് വിവരം. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം ഫേസ്ബുക്കിന്റെ വിശ്വാസ്യതയ്ക്ക് മങ്ങല്‍ ഏല്‍പിച്ചതിന് പിന്നാലെയാണ് പുതിയ ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യക്കാരായ 5.6 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതായി കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് വെളിപ്പെടുത്തിയത് വന്‍ വിവാദങ്ങള്‍ ഉണ്ടാക്കിയിരിന്നു. ആഗോള തലത്തില്‍ 8.7 കോടി ആളുകളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയെന്ന് ഫേസ്ബുക്കിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കിയിരുന്നു. മൂന്ന് കോടി ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും അവ നശിപ്പിച്ചെന്നുമായിരുന്നു കേംബ്രിഡ്ജ് അനലിറ്റിക്കയുടെ വാദം.