KeralaNews

ഇരട്ടവോട്ട്; ഹെല്‍മെറ്റ് ധരിച്ച് വോട്ടു ചെയ്യാന്‍ ബൂത്തിലെത്തിയയാളെ തിരിച്ചയച്ചു

ആലപ്പുഴ: ഇരട്ടവോട്ട് ഉള്ളയാളുടെ വോട്ട് ചെയ്യാന്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയായാളെ തിരിച്ചയച്ചു. കളര്‍കോട് എല്‍പിഎസിലെ 67-ആം നമ്പര്‍ ബൂത്തിലാണ് സംഭവം. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും ഹെല്‍മെറ്റ് ഊരാന്‍ ഇയാള്‍ തയാറായില്ല. പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ ചെറുപ്പക്കാരന്റെ വോട്ടര്‍ കാര്‍ഡുമായി മുതിര്‍ന്നയാളാണ് എത്തിയതെന്ന് തിരിച്ചറിയുകയായിരുന്നു.

അതേസമയം കോട്ടയത്ത് ഒരു കുടുംബത്തിലെ മരിച്ചയാളുടെ ഒഴികെയുള്ള ആറ് പേരുടെയും വോട്ട് പട്ടികയില്‍ നിന്നു ബോധപൂര്‍വം നീക്കിയതായി പരാതി. കോട്ടയം വിജയപുരം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ താമസക്കാരനായിരുന്ന വടവാതൂര്‍ മേപ്പുറത്ത് എം.കെ റെജിമോന്റെ ഉള്‍പ്പെടെ കുടുംബത്തിലെ ആറു പേരുടെ വോട്ടാണ് പട്ടികയില്‍ ഉള്‍പ്പെടാതിരുന്നത്. എന്നാല്‍ റെജിമോന്റെ മരിച്ചുപോയ പിതാവ് എം.കെ. കേശവന്റെ പേര് വോട്ടര്‍ പട്ടികയിലുണ്ട്.

പോളിംഗ് ദിവസം രാവിലെ റെജിമോനും കുടുംബാംഗങ്ങളും വോട്ട് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് പട്ടികയില്‍ നിന്നു പേര് നീക്കം ചെയ്ത വിവരമറിയുന്നത്. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഇവര്‍ നാളുകള്‍ക്കു മുമ്പ് ആറാം വാര്‍ഡില്‍ നിന്നും 13-ാം വാര്‍ഡിലേക്ക് താമസം മാറിയതിനാലാണ് വോട്ട് നീക്കം ചെയ്തതെന്നാണ് അധികൃതര്‍ അറിയിച്ചത്.

എന്നാല്‍ വോട്ട് 13-ാം വാര്‍ഡിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും അപേക്ഷ നല്‍കിയിരുന്നെങ്കില്‍ മരിച്ചു പോയയാളുടെ പേര് മാത്രം എങ്ങനെ ആറാം വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ നിലനില്‍ക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നതായും റെജിമോന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button