KeralaNewsRECENT POSTS

പത്തനംതിട്ടയിലെ ജനങ്ങളോട് ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയൂ.. കെ. സുരേന്ദ്രനെ വെല്ലുവിളിച്ച് സി.പി.എം ജില്ലാ സെക്രട്ടറി

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനോട് ചില ചോദ്യങ്ങളുമായി സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമോയെന്ന ചോദ്യത്തിന് വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയത് കഴിഞ്ഞദിവസം വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതാണ് ഈ മറുപടിയെന്ന് ശശി തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ പുനപരിശോധനാ വിധി കാത്തിരിക്കുകയാണ് എന്ന് മാത്രമാണ് ഇതിനര്‍ത്ഥമുള്ളതെന്ന് പറഞ്ഞ് കെ. സുരേന്ദ്രന്‍ കേന്ദ്ര മറുപടിയെ ന്യായീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പത്തനംതിട്ടാ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു സുരേന്ദ്രനോട് ചോദ്യമുന്നയിക്കുന്നത്.
ദയഭാനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ശ്രീ.കെ.സുരേന്ദ്രന്‍,
ഇന്നലെ പാര്‍ലമെന്റില്‍ ശബരിമലയെ സംബന്ധിച്ച് ശ്രീ.ശശി തരൂര്‍ എം.പി ഉന്നയിച്ച ചോദ്യത്തിന്റെയും,കേന്ദ്ര നിയമവകുപ്പ് മന്ത്രി ശ്രീ.രവിശങ്കര്‍ പ്രസാദ് നല്‍കിയ മറുപടിയുടെയും മലയാള പരിഭാഷ താഴെ പറയും പ്രകാരമാണ്.

ചോദ്യം:
a) എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്ര പ്രവേശനം നല്‍കണം എന്ന് ആവശ്യപ്പെട്ട് സുപ്രീകോടതിയില്‍ ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ റിട്ട് ഹര്‍ജ്ജി പ്രകാരമുള്ള വിധിയെ മറികടക്കാനാവശ്യമായ ഭരണഘടനാ ഭേദഗതിയുടെയോ,നിയമ നിര്‍മ്മാണത്തിന്റെയോ കരട് രൂപം കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ടോ?
b) ഉണ്ടെങ്കില്‍,വിശദീകരിക്കാമോ?
c)ഇല്ലെങ്കില്‍,എന്ത് കൊണ്ട്?

ഉത്തരം:
വിഷയം ബഹു.സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ഈ ചോദ്യത്തെയും ഉത്തരത്തെയും സംബന്ധിച്ചുള്ള താങ്കളുടെ ഫേസ്ബുക്ക് പേജിലെ വ്യാഖ്യാനം കണ്ടു. ചോദ്യത്തില്‍ വ്യക്തമായി ഉന്നയിച്ചിരിക്കുന്നത്, നിയമ നിര്‍മ്മാണമോ, ഭരണഘടനാ ഭേദഗതിയോ ഉദ്ദേശിക്കുന്നുണ്ടോ എന്ന് തന്നെയാണ്. ഉണ്ട്, അല്ലെങ്കില്‍, ഇന്ന കാരണം കൊണ്ട് ഇല്ല എന്ന് വ്യക്തമാക്കാമോ എന്നാണ് ചോദ്യത്തിന്റെ ഉള്ളടക്കം. അല്ലാതെ,സര്‍ക്കാര്‍ പുന:പരിശോധനാ വിധിക്ക് കാത്തിരിക്കുന്നോ എന്നതല്ല നിലവിലെ വിഷയം. നിങ്ങള്‍ ഇപ്പോള്‍ എന്ത് ചെയ്തു? അതിനേ ഇവിടെ പ്രസക്തിയുള്ളൂ. ബി.ജെ.പി, ശബരിമല വിഷയത്തില്‍ തുടരുന്ന കള്ളക്കളി തന്നെയേ മന്ത്രി നല്‍കിയ മറുപടിയിലും കാണാനുള്ളൂ.

എന്തേ, കേരളത്തില്‍ കലാപം നടത്തി ഉടന്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് നിങ്ങള്‍ വാശി പിടിച്ചത് പോലെ, സ്വന്തം കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ച് ഇതിനകം നിയമനിര്‍മ്മാണം സാധ്യമായിരുന്നില്ലേ? ആദ്യ ദിനം തന്നെ, നിയമനിര്‍മ്മാണം നടത്തി അത് പാസാക്കി എടുക്കുവാനുള്ള അംഗബലം നിങ്ങള്‍ക്ക് ആവോളമുണ്ടല്ലോ. അതോ, ഇനി അടുത്ത തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ ഇനിയും ഈ വിഷയം ഉയര്‍ത്തുകയാണോ ലക്ഷ്യം? വിശ്വാസികളോട് നിങ്ങള്‍ക്ക് ഇപ്പോള്‍ ബാധ്യതയില്ലേ? വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ദേശീയ നേതൃത്വത്തെയും നിങ്ങള്‍ സമീപിച്ചിരുന്നോ? അവര്‍ നല്‍കിയ മറുപടി എന്ത്? ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ അറിയേണ്ടേ?

വിഷയം സുപ്രീം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍, നിലവില്‍ മറ്റ് നടപടികള്‍ക്ക് സാധ്യമല്ല എന്ന ബി.ജെ.പി നേതൃത്വം നല്‍കുന്ന നിങ്ങളുടെ സ്വന്തം കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പറഞ്ഞ നിലപാട് തന്നെയാണ് കേരള സര്‍ക്കാരും മുന്‍പ് ശബരിമല വിഷയത്തില്‍ സ്വീകരിച്ചത്.

പത്തനംതിട്ടയില്‍ ഈ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, ‘ഇത്തവണ ബി.ജെ.പി കേന്ദ്രത്തില്‍ ഭരണത്തില്‍ എത്തിയാല്‍ ഉടന്‍ തന്നെ, ശബരിമല വിധിക്കെതിരെ ഞങ്ങള്‍ നിയമനിര്‍മ്മാണം നടത്തും,ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും,എന്നാല്‍ കേരള സര്‍ക്കാര്‍ അതിനൊന്നും തയ്യാറല്ല.’-എന്നിങ്ങനെയുള്ള പ്രചരണങ്ങള്‍ നടത്തി മത്സരിച്ച താങ്കള്‍ക്ക് ഈ വിഷയത്തില്‍ ജില്ലയിലെ ജനങ്ങളോട് മറുപടി പറയേണ്ട ധാര്‍മ്മിക ഉത്തരവാദിത്വമുണ്ട്. കാരണം, ഇന്നലെ പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച അതേ നിയമപ്രശ്നം മറച്ച് വച്ച്, സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീം കോടതി വിധി ആയുധമാക്കി പ്രചരണം നടത്തിയ ആളാണ് നിങ്ങള്‍.

ബി.ജെ.പി അഖിലേന്ത്യാ വക്താവും, വര്‍ക്കിംഗ് പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം സാധ്യമല്ല എന്ന് വ്യക്തമാക്കിയ വിവരം താങ്കള്‍ അറിഞ്ഞില്ല എന്നുണ്ടോ? ആരെയാണ് നിങ്ങള്‍ ഇനിയും മണ്ടന്മാരാക്കുന്നത്?

ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് മറികടക്കാനാവാത്ത വിധി, അന്ന് സംസ്ഥാന സര്‍ക്കാര്‍ മറികടക്കണം എന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലയെ കലാപഭൂമി ആക്കുവാന്‍ നേതൃത്വം നല്‍കിയ ആളാണ് ശ്രീ.സുരേന്ദ്രന്‍. ഈ വിഷയത്തില്‍, പത്തനംതിട്ടയിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ ഒരു പരസ്യ സംവാദത്തിന് താങ്കളും താങ്കളുടെ പാര്‍ട്ടിയും തയ്യാറാണോ?

വെറുതെ ഫേസ്ബുക്കില്‍ പറഞ്ഞാല്‍ പോരാ..

പത്ത് ആളുകളുടെ മുന്നില്‍ ഈ വിഷയം നമ്മള്‍ക്ക് പരസ്യമായി തന്നെ ചര്‍ച്ച ചെയ്യാം..

സംസ്ഥാന സര്‍ക്കാരിനെതിരെ മുന്‍പ് താങ്കള്‍ ഉയര്‍ത്തിയ ഒരു ചോദ്യം ഒരിക്കല്‍ കൂടി താങ്കളെ ഓര്‍മ്മിപ്പിക്കുന്നു..

‘സുപ്രീം കോടതി വിധി എന്താ ഇരുമ്പ് ഉലക്കയാണോ?’

അതെ,അത് തന്നെയാണ് നിങ്ങളോടും ഇപ്പോള്‍ ചോദിക്കുവാനുള്ളത്..

‘നിങ്ങളുടെ സ്വന്തം കേന്ദ്രത്തിന് സുപ്രീം കോടതിയുടെ ശബരിമല വിധി, ഇത്ര പെട്ടെന്ന് ഇരുമ്പ് ഉലക്കയായോ..?????????’

പത്തനംതിട്ടയിലെ ജനങ്ങളോട് മറുപടി പറയൂ ശ്രീ.കെ.സുരേന്ദ്രാ…

കെ.പി.ഉദയഭാനു,
സെക്രട്ടറി,
സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മറ്റി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button