പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ക്കു മുന്നില്‍ പ്രത്യേക നോട്ടീസ് പതിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. നീരീക്ഷണത്തില്‍ കഴിയുന്നവരില്‍നിന്നു സത്യവാങ്മൂലം എഴുതി വാങ്ങിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.
കൊവിഡ്-19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ഡൗണിനു പിന്നാലെ പത്തനംതിട്ട ജില്ലയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസ് വ്യാപനം തടഞ്ഞു ജനങ്ങളുടെ ജീവനു സംരക്ഷണം നല്‍കുന്നതിനും പൊതുസമാധാനം നിലനിര്‍ത്തുന്നതിനും ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ചും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയുമാണു ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
31-ന് അര്‍ധരാത്രിവരെയാണു പ്രാബല്യം. മറ്റു രാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്തു തിരികെ വന്നവരില്‍ 274 പേര്‍ പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. പുതുതായി ഏഴു പേരെക്കൂടി പത്തനംതിട്ടയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൊത്തം 20 പേരാണു ജില്ലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.