തൃശൂര്‍: രേവത് എന്ന ഓട്ടോ ഡ്രൈവറെ മലയാളികള്‍ മറന്നുകാണാന്‍ വഴിയില്ല. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തൃശൂരില്‍ നിന്നു തിരുവനന്തപുരത്തേയ്ക്ക് ഓട്ടം വിളിച്ചു കൊണ്ടുപോയി കൂലി നല്‍കാതെ കബളിപ്പിക്കപ്പെട്ടതോടെയാണ രേവത് സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായത്. തൃശൂരിലെ രേവതിനെ തിരുവനന്തപുരം സ്വദേശിയാണ് സമര്‍ത്ഥമായി കബളിപ്പിച്ചത്. രണ്ട് ദിവസം മുമ്പാണ് രേവതിന്റെ ഓട്ടോയില്‍ കൂലി നല്‍കാന്‍ പണമില്ലാതെ മറ്റൊരു യാത്രക്കാരനും യാത്ര ചെയ്തത്. നഗരത്തില്‍ നിന്നു ഗുരുവായൂരിലേക്ക് രാത്രി 10.30നാണു പെരിന്തല്‍മണ്ണ സ്വദേശിയെന്നു പരിചയപ്പെടുത്തിയ ആള്‍ ഓട്ടം വിളിച്ചത്.
തുടര്‍ന്ന് ഓട്ടം പോയി. ഗുരുവായൂര്‍ അമ്പലത്തിന്റെ കിഴക്കേനടയിലെത്തിയപ്പോള്‍ യാത്രക്കാരന്‍ ഇറങ്ങി. തുടര്‍ന്നാണ് ഇയാള്‍ പറഞ്ഞത് തന്റെ കൈയ്യില്‍ പണമില്ലെന്ന്. ഇതോടെ രേവത് തനിക്ക് ഈ അടുത്ത് നടന്ന തിരുവനന്തപുരത്തേക്ക് ഓട്ടം പോയ ദുരനുഭവം ഇയാളോട് വെളിപ്പെടുത്തി. മാത്രവുമല്ല പണം തരാതെ പോകല്ലെ എന്നും അഭ്യര്‍ത്ഥിച്ചു.
ഇതിനിടെ അമ്പലനടയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഇടപെട്ട് പോലീസിനെ വിളിച്ചു. സഞ്ചിയില്‍ നിന്ന് സ്വര്‍ണനിറമുള്ള മാലയെടുത്ത് ഓട്ടോക്കാരനു കൊടുത്തു. പെരുമാറ്റത്തില്‍ പന്തികേടു തോന്നിയതിനാല്‍ വാങ്ങിയില്ല. അമ്പലം കമ്മിറ്റിക്കാര്‍ രേവതിന്റെ അവസ്ഥ കണ്ട് ഡീസല്‍കാശായി 200 രൂപ കൊടുത്തു. ഇതുമായി മടങ്ങുമ്പോള്‍ യാത്രക്കാരന്‍ വീണ്ടും രേവതിന്റെ ഓട്ടോയില്‍ കയറി.
തൃശൂരില്‍ നിന്നു പൈസ വാങ്ങിത്തരാമെന്നായിരുന്നു ഉറപ്പുനല്‍കിയത്. തൃശൂര്‍ വടക്കേ സ്റ്റാന്‍ഡില്‍ ഇറങ്ങി. കൂലിക്കുപകരം അതേ മാല തന്നെ എടുത്തുകൊടുത്തു. മുക്കുപണ്ടം കിട്ടിയിട്ടെന്താ കാര്യമെന്നു ചോദിച്ചപ്പോള്‍ മൊബൈല്‍ ഫോണും നല്‍കി. കൂലി തരുമ്പോള്‍ തിരിച്ചു തന്നാല്‍ മതിയെന്നാണ് പറഞ്ഞത്. രണ്ടുദിവസമായിട്ടും പണം തരാന്‍ അയാള്‍ എത്താതായപ്പോള്‍ രേവത് സുഹൃത്തിന്റെ സ്വര്‍ണക്കടയില്‍ ഉരച്ചു നോക്കിയപ്പോള്‍, തന്നെ കബളിപ്പിച്ചതല്ലെന്നും തനി സ്വര്‍ണമാണെന്നും തിരിച്ചറിഞ്ഞത്. മാത്രവുമല്ല 2 പവന്‍ തൂക്കവുമുണ്ട്. നേരിയ മനോവൈകല്യമുള്ളയാളെ പോലെയാണ് അയാള്‍ പെരുമാറിയതെന്ന് അമ്പല പോലീസ് പറയുന്നു. എന്തായാലും ഓട്ടോക്കൂലിയുമായി ആ യാത്രക്കാരന്‍ വന്നാല്‍ തിരിച്ചു കൊടുക്കാന്‍ മാലയും മൊബൈലുമായി നടക്കുകയാണ് രേവത് ഇപ്പോള്‍.