FeaturedNational

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് തുടക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു തുടക്കമായി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക സജ്ജീകരണങ്ങളോടെയാണ് സഭ ചേരുന്നത്. ലോക്‌സഭയും രാജ്യസഭയും നാല് മണിക്കൂര്‍ വീതമായിരിക്കും ചേരുക. നിയന്ത്രണങ്ങളുടെ ഭാഗമായി ചോദ്യോത്തരവേള ഒഴിവാക്കിയിരുന്നു. സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസര്‍ക്കാരും ലോക്‌സഭാ സ്പീക്കറും നടത്താറുള്ള സര്‍വകക്ഷി യോഗം ഇത്തവണ ഒഴിവാക്കിയതും വിവാദത്തിനിടയാക്കി.

കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ അംഗങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനാണു ശ്രമമെന്ന് ആരോപിച്ച പ്രതിപക്ഷം, തൊഴിലില്ലായ്മ, സാമ്പത്തിക തകര്‍ച്ച, കര്‍ഷക പ്രതിസന്ധി, അതിര്‍ത്തിയിലെ സംഘര്‍ഷം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് സഭയില്‍ ശക്തമായി രംഗത്തെത്തുമെന്ന് അറിയിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് സര്‍വകക്ഷി യോഗം നടത്താതിരിക്കുന്നതെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ചോദ്യോത്തരവേള ഒഴിവാക്കിയതും ശൂന്യവേളയുടെ സമയപരിധി കുറച്ചതുമായ വിഷയത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

അതിര്‍ത്തി സംഘര്‍ഷം, സാമ്പത്തിക പ്രതിസന്ധി എന്നീ വിഷയങ്ങളില്‍ വോട്ടെടുപ്പില്ലാത്ത ഹ്രസ്വചര്‍ച്ചയ്ക്കു തയാറാണെന്ന നിലപാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ചോദ്യോത്തര വേളയും സ്വകാര്യ ബില്ലവതരണവും ഇല്ലെങ്കിലും രേഖാമൂലം മറുപടി നല്‍കുന്ന രീതി തുടരുമെന്നും അംഗങ്ങള്‍ക്ക് സുപ്രധാന വിഷയങ്ങള്‍ ഉന്നയിക്കാന്‍ അവസരം ശൂന്യവേളയില്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

പുതിയ ബില്ലുകള്‍ അവതരിപ്പിച്ച് പാസാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഓര്‍ഡിനന്‍സുകള്‍ മാറ്റി പകരം നിയമമാക്കുന്നതും ധനകാര്യ ബില്ലുകളുമാണ് ഇതിലേറെയും. രാജ്യസഭാ ഉപാധ്യക്ഷന്റെ വോട്ടെടുപ്പും ഇന്നത്തെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ ഉപാധ്യക്ഷന്‍ ജെഡിയുവിലെ ഹരിവംശ് നാരായണ്‍ സിംഗാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആര്‍ജെഡിയിലെ മനോജ് ഝാ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker