പന്തളം :ചേരിക്കൽ നെല്ലിക്കലിൽ പോസ്റ്റ് കമ്പനിക്ക് സമീപത്തായി കുടിങ്ങിക്കിടന്ന 23 കുടുംബങ്ങളെയാണ് അഗ്നിശമന സേന എത്തി രക്ഷപ്പെടുത്തി. നെല്ലിക്കൽ ഹരീന്ദ്രൻപിള്ള, രവീന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള, ഡ്രീംകുമാർ, രാധാകൃഷ്ണപിള്ള, സുരേഷ്, സെബാസ്റ്റൻ, ഹരിലാൽ, രവീന്ദ്രൻ, ശാരദ, രേണുക, വിജയമ്മ, രേഖ, രജനീഷ്, വിജയമ്മ, ശിവൻ, തമ്പി, ബാലകൃഷ്ണൻ, ബിജു, സണ്ണി, ഉണ്ണി എന്നിവരുടെ കുടുംബമാണ് കുടുങ്ങിക്കിടന്നിരുന്നത്. ഈ ഭാഗത്തെ വീടുകളിൽ വെള്ളം കയറിയില്ലെങ്കിലും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുകയായിരുന്നു. പ്രായമായവരും രോഗികളും ഉൾപ്പടെ 50 ൽ അധികം ആളുകൾ വീടുകളിൽ ഉണ്ടായിരുന്നു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നാണ് ഇവിടെ വെള്ളം കൂടിയത്. കരിങ്ങാലി പാടശേഖരത്തിനു സമീപത്താണ് ഈ പ്രദേശം. പത്തനംതിട്ട, അടൂർ, റാന്നി എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നിശമനസേന ഫൈബർ ബോട്ട്, റബർ ഡിങ്കി എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. പത്തനംതിട്ട സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ വിനോദ്കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജികുമാർ, അടൂർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ ടി ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുടുങ്ങിക്കിടന്നവരെ രക്ഷപെടുത്തിയത്. പന്തളം ജനമൈത്രി പോലീസ് അംഗങ്ങളായ അമീഷ്, സുനി, നഗരസഭ ചെയർപേഴ്സൺ ടി.കെ സതി, കൗൺസിലർ ഷാ കോടാലിപറമ്പിൽ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്ത്വം നൽകി.