‘മദമിളകിയ ആനയുടെ അടുത്തേക്ക് പോയ ആള്‍ക്ക് സംഭവിച്ചത്’ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ പ്രചിരിക്കുന്ന വീഡിയോ വ്യാജം. സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റ്‌സ് എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വ്യാജ വീഡിയോ പ്രചരിക്കുന്നത്. ഓഗസ്റ്റ് 16നു പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതുവരെ അഞ്ചു ലക്ഷത്തോളം പേര്‍ കാണുകയും 1200ഓളം ആളുകള്‍ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. പാമ്പാടി രാജന്റെ ചിത്രമാണ് വീഡിയോയുടെ തമ്പ്നെയില്‍. വ്യാജ തമ്പ്നെയിലും തലക്കെട്ടും ഉപയോഗിച്ച് നടത്തിയ വ്യാജ പ്രചരണമാണിത്.
10 മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോ മൂന്നു ചെറു വീഡിയോകളുടെ കൂട്ടിച്ചേര്‍ക്കലാണ് പ്രചരിക്കുന്ന വീഡിയോ. എന്നാല്‍ മൂന്ന് വീഡിയോയിലും അനകള്‍ അരെയും ഒന്നും ചെയ്യുന്നില്ല. ആദ്യ വീഡിയോയില്‍ ഒരു നാട്ടാനയെ വലിയ ഒരു പറമ്പില്‍ തളച്ചിട്ടിരിക്കുന്നത് കാണാം. മദപ്പാടിന്റെ ലക്ഷണവും ആനയ്ക്ക് തോന്നുന്നുണ്ട്. അക്രമാസക്തനെന്ന് തോന്നിക്കുന്ന ആന മണ്ണും ഓലയും വലിച്ചെറിയുന്നതും കാണാം. എന്നാല്‍ ആരും അടുത്തേക്ക് ചെല്ലുന്നതോ ആന അവരെ ആക്രമിക്കുന്നതോ വീഡിയോയിലില്ല.
രണ്ടാമത്തെ വീഡിയോയില്‍ പാമ്പാടി രാജനെ തളച്ച് നിര്‍ത്തിയിരിക്കുന്നതായും ആന പാപ്പാന്‍ അടുത്ത് വന്ന് നില്‍ക്കുന്നതും മാത്രമാണ് കാണാന്‍ കഴിയുന്നത്. അതിലും ആക്രമണമോ അക്രമമോ ഇല്ല. അവസാന വീഡിയോയില്‍ രണ്ട് കാട്ടനാകള്‍ നില്‍ക്കുന്നതിന് അരികിലേക്ക് ഒരു യുവാവ് നടന്നു ചെല്ലുന്നതും കാണാം. ഇതിലും ആന ആരെയും ഒന്നും ചെയ്യുന്നില്ല. അതായത് ഈ മൂന്നു വീഡിയോകളിലും ആര്‍ക്കും ഒന്നും സംഭവിക്കുന്നില്ലെന്നത് വ്യക്തം.
വീഡിയോ വ്യൂസ് കൂട്ടാനും അതുവഴി പേജിന്റെ റീച്ച് കൂട്ടാനുമുള്ള ശ്രമമാണ് പേജിന്റെ ലക്ഷ്യം. എന്നാല്‍ ഇവര്‍ അതിനു ബലിയാടാക്കുന്നത് കാണുന്നതെന്തും വിശ്വസിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്ന ചില മണ്ടന്മാരെയും. അതിനെക്കാള്‍ ഞെട്ടല്‍ ഈ വീഡിയോ 1200ഓളം പേര്‍ ഷെയര്‍ ചെയ്തു എന്നതാണ്. ആ വീഡിയോ മുഴുവനായി കാണാനുള്ള ഔചിത്യം ഇവര്‍ കാണിച്ചിരുന്നെങ്കില്‍ ഷെയര്‍ ബട്ടണു പകരം റിപ്പോര്‍ട്ട് ബട്ടണേ അമര്‍ത്താമായിരുന്നുള്ളൂ.