27.8 C
Kottayam
Thursday, April 25, 2024

പമ്പ കരകവിഞ്ഞൊഴുകുന്നു; ജാഗ്രതാ നിര്‍ദ്ദേശം

Must read

പത്തനംതിട്ട: മഴ കനത്തതോടെ പമ്പാനദി കരകവിഞ്ഞു. തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. മൂഴിയാര്‍ സംഭരണി തുറന്നതും അഴുതയാറ്റിലൂടെ ഒഴുകിയെത്തിയ വെള്ളവും ജലനിരപ്പ് ഉയരാന്‍ കാരണമായിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ മണിമല, അച്ചന്‍കോവില്‍, കല്ലട നദികളിലും ജലനിരപ്പുയര്‍ന്നു.

പമ്പാ നദിയുമായി ബന്ധപ്പെട്ട് കിഴക്കന്‍ മേഖലയിലെ കോസ്വേകളില്‍ വ്യാഴാഴ്ച രാത്രി വെള്ളം കയറി. കുറുമ്പന്‍മൂഴി, മുക്കം, അരയഞ്ഞാലിമണ്‍ കോസ് വേകള്‍ മുങ്ങിക്കിടക്കുകയാണ്. രാത്രി പത്തോടെയാണ് കോസ്വേകള്‍ പൂര്‍ണമായി മുങ്ങിയത്. പെരുന്തേനരുവി ഡാം നിറഞ്ഞു വെള്ളം പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.

പമ്പയുടെ താഴ്ന്ന പ്രദേശങ്ങളിലേക്കാണ് വെള്ളം കയറിത്തുടങ്ങിയിരിക്കുന്നത്. റാന്നി ഉപാസനക്കടവില്‍ നദി കരകവിഞ്ഞ് വെള്ളം റോഡിലേക്കും സമീപത്തെ വീടുകളിലേക്കും കയറിയിരുന്നു. അയിരൂര്‍, ആറന്മുള പ്രദേശങ്ങളിലും തീരങ്ങളിലേക്ക് വെള്ളം കയറിത്തുടങ്ങി. പ്രധാന സംഭരണികളിലെ ജലനിരപ്പും ജില്ലാ ഭരണകൂടം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.

ശബരിഗിരി പദ്ധതിയുടെ പ്രധാന സംഭരണികളില്‍ രണ്ടുദിവസത്തിനുള്ളില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. കക്കി-ആനത്തോട് സംഭരണിയില്‍ ഏഴു ശതമാനവും പമ്പ സംഭരണിയില്‍ 10 ശതമാനവുമാണ് ജലനിരപ്പുയര്‍ന്നത്. കക്കി-ആനത്തോട് സംഭരണിയുടെ വൃഷ്ടിപ്രദേശത്ത് ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറില്‍ 93 മില്ലിമീറ്ററും പമ്പയില്‍ 68 മില്ലിമീറ്ററും മഴ ലഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week