പാലാരിവട്ടം മേല്‍പ്പാലം യു.ഡി.എഫ് വീണ്ടും പ്രതിരോധത്തില്‍; പാലം നിര്‍മ്മിച്ചത് ദേശീയ പാത അതോറിറ്റിയുടെ അനുമതി ഇല്ലാതെ
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദേശീയ പാതയില്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് ദേശീയ പാത അതോറിറ്റിയില്‍ നിന്നും എന്‍ഒസി വാങ്കേണ്ടതുണ്ട്. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അത് വാങ്ങിയിട്ടില്ലെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ദേശീയ പാത അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേശീയപാതയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ എന്‍ഒസി നിര്‍ബന്ധമാണ്. എന്നാല്‍ പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ ഇത് വാങ്ങിയിട്ടില്ലെന്നാണ് ദേശീയ പാത അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുപോലും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് വാങ്ങാതെ തന്നെ 2013ല്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു.
2014ലാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ആര്‍ഡിഎസ് എന്ന കമ്പനിക്കായിരുന്നു നിര്‍മ്മാണത്തിന് കരാര്‍. 24 മാസത്തിനുളളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുളള വ്യവസ്ഥയിലായിരുന്നു കമ്പനിയുമായി കരാറിലേര്‍പ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള കിറ്റ്കോ ആയിരുന്നു പ്രോജക്ട് കണ്‍സള്‍ട്ടന്റ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന് ആയിരുന്നു നിര്‍വഹണച്ചുമതല.
ആര്‍ബിഡിസികെയ്ക്ക് പാലത്തിന്റെ നിര്‍വഹണ ചുമതല മാത്രമാണ് ഉണ്ടായിരുന്നതെന്നും പാലത്തിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ വിവിധ അനുമതികള്‍ വാങ്ങിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയായിരുന്നുവെന്നാണ് അന്നത്തെ റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ എംഡി എ പി മുഹമ്മദ് ഹനീഷ് പറയുന്നത്. അതേസമയം മുന്‍ സര്‍ക്കാര്‍ പാലം നിര്‍മ്മാണത്തിന് എന്‍ഒസി വാങ്ങിയോ എന്നതിനെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.