പാലായില്‍ ആകെയുള്ള 29 പോസ്റ്റല്‍, സര്‍വ്വീസ് വോട്ടുകളില്‍ അഞ്ചെണ്ണം അസാധു
പാല: പാലാ ഉപതെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിയപ്പോള്‍ അസാധുവായത് അഞ്ചു വോട്ടുകള്‍. ആകെ 29 പോസ്റ്റല്‍, സര്‍വീസ് വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍തന്നെ 15 എണ്ണം പോസ്റ്റല്‍ വോട്ടുകളും 14 എണ്ണം സര്‍വീസ് വോട്ടുകളുമാണ്. 15 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ മൂന്നെണ്ണം അസാധുവായി. ഇതില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് ഈ തര്‍ക്കം പരിഹരിച്ചശേഷമാണ് പാലായില്‍ സര്‍വീസ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. 14 സര്‍വീസ് വോട്ടുകളാണു എണ്ണാനുണ്ടായിരുന്നത്. ഇതില്‍ രണ്ടു വോട്ടുകള്‍ അസാധുവായി. ഇതിലും പാര്‍ട്ടി പ്രതിനിധികള്‍ തര്‍ക്കം ഉന്നയിച്ചു.
ഇതേതുടര്‍ന്ന് ഈ തര്‍ക്കവും പരിഹരിച്ചശേഷമാണ് ഇവിഎമ്മുകള്‍ എണ്ണാനെടുത്തത്. വിവിധ കേന്ദ്ര-സുരക്ഷാ സേനകളിലും വിദേശ സര്‍വീസിലും ജോലി ചെയ്യുന്നവര്‍, സംസ്ഥാനത്തിനു പുറത്തു സേവനമനുഷ്ഠിക്കുന്ന പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്കാണു സര്‍വീസ് വോട്ടുകള്‍ ചെയ്യാന്‍ അവസരം. പോലീസുകാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായാണു പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിച്ചിരിക്കുന്നത്.