ഇസ്ലാമബാദ്; ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ കറൻസിയായ മാറി പാക്കിസ്ഥാൻ രൂപ. ഈ ആഴ്ചയിൽ 3.9 ശതമാനം നേട്ടമാണ് പാക്കിസ്ഥാൻ കറൻസി ഉണ്ടാക്കിയത്. ഒരു യുഎസ് ഡോളറിന് 219.92 എന്ന നിലവാരത്തിലാണ് ഇന്നലെ പാക്കിസ്ഥാൻ രൂപയുടെ വിനിമയ മൂല്യം ഉണ്ടായിരുന്നത്.
ഒക്ടോബറിലെ ആദ്യ ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കറൻസിയായി രൂപ മാറിയെന്ന് ആരിഫ് ഹബീബ് ലിമിറ്റഡ് റിസർച്ച് മേധാവി താഹിർ അബ്ബാസ് പറഞ്ഞു. അഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ മാസം ധനമന്ത്രി ഇഷാഖ് ദാർ രാജ്യത്തേക്ക് മടങ്ങിവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം പാകിസ്ഥാൻ രൂപയിൽ വൻ കുതിപ്പുണ്ടായി.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യമുയർത്തുക എന്നതാണ് ഇഷാഖ് ദാർ ലക്ഷ്യമിടുന്നത്. പാക്കിസ്ഥാൻ രൂപ ജൂലൈയിൽ ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന താഴ്ന്ന നിരക്കായ 240 ൽ ആയിരുന്നു. അതേസമയം നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായി വാണിജ്യ ബാങ്കുകൾ രൂപയുടെ മൂല്യം കൈകാര്യം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടതിനാൽ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ധനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിന് മുകളിലേക്ക് കുതിച്ചുയരുകയും യൂറോപ്പിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം നിലനിൽക്കുകയും പാക്കിസ്ഥാന്റെ വിദേശ നാണ്യം കുറയുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ രൂപ വീണ്ടും തകർച്ചയിലേക്ക് നീങ്ങുമെന്ന റിപ്പോർട്ടുകളുണ്ട്
ഈ വർഷം മാർച്ച് മുതൽ ആഭ്യന്തര കറൻസിയുടെ മൂല്യം ചാഞ്ചാടിയിരുന്നു. ഏറ്റവും മോശം നിലവാരത്തിലേക്ക് എത്തിയതിന് ശേഷമാണ് പാകിസ്ഥാൻ രൂപ മികച്ച പ്രകടനം നടത്തിയത്. ഡാറിന്റെ തിരിച്ചുവരവിന് മുമ്പ്, ജൂലൈ അവസാനത്തോടെ, തുടർച്ചയായി 15 പ്രവൃത്തി ദിവസങ്ങളിൽ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി.
അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം കൂപ്പുകുത്തുകയാണ്. രാവിലെത്തെ വ്യാപാരത്തിൽ രൂപ 40 പൈസ ഇടിഞ്ഞു 82 .28 ൽ എത്തിയെങ്കിൽ ഉച്ചയോടെ 82.37 ലേയ്ക്ക് വീണ്ടും താണു. 80 രൂപക്ക് മുകളിലേയ്ക്ക് ഇന്ത്യൻ രൂപ ഇടിയില്ലെന്ന പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തി ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം.
നിലവിലെ കണക്കുകൾ പ്രകാരം യു എസ് ഡോളർ സൂചിക (ഡോളർ ഇൻഡക്സ്) 20 വർഷത്തിലെ ഉയർന്ന നിരക്കിലാണ് ഡോളറിനെതിരെ രൂപയുടെ മാത്രമല്ല മറ്റ് പ്രധാന കറൻസികളുടെയും മൂല്യം കുത്തനെ ഇടിയുകയാണ് . യൂറോ രണ്ടു പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന വിലനിലവാരത്തിലെത്തി.
സാധാരണ ഗതിയിൽ ഡിമാൻഡ്, സപ്ലൈ ഘടകങ്ങൾക്കനുസരിച്ചാണ് കറൻസി വിലകളിൽ മാറ്റമുണ്ടാകുന്നത്. പക്ഷേ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മറ്റ് ഘടകങ്ങളും കറൻസി വിലകളെ സ്വാധീനിക്കുന്നു. യുദ്ധം തുടരുന്നതും ആഗോള മാന്ദ്യവും മറ്റ് രാജ്യാന്തര സംഭവ വികാസങ്ങളും ഡോളറിനെ അതിശക്ത കറൻസിയായി മാറ്റുന്നു.
ഇന്ത്യയിലാകട്ടെ എണ്ണയുടേയും മറ്റ് സാധനങ്ങളുടെ ഇറക്കുമതിയും രൂപയെ സമ്മർദ്ദത്തിലാക്കുന്നു. വിദേശ സ്ഥാപക നിക്ഷേപകർ ഓഹരി വിപണിയിൽ വില്പനക്കാരാകുന്നതും പ്രശ്‍നം വഷളാക്കുന്നുണ്ട്. യുദ്ധം തുടരുന്നതും, ഒപെക് രാജ്യങ്ങളുടെ എണ്ണ വിലയിലും , ഉൽപ്പാദനത്തിലും എടുക്കുന്ന തീരുമാനങ്ങളും രൂപയെ വരും ദിവസങ്ങളിലും സ്വാധീനിക്കും.
വിദേശ വിപണിയിൽ ഡോളറാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. രാജ്യങ്ങളുടെ ഫോറെക്സ് വ്യാപാരത്തിന്റെ 90 ശതമാനവും ഡോളറിലാണ്.ലോകം മാന്ദ്യഭയത്തിലേക്ക് നീങ്ങുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ഡോളറിൽ നിക്ഷേപം കുമിഞ്ഞുകൂടുന്നതും ഡോളറിനെ ശക്തിപ്പെടുത്തുന്നു. ക്രിപ്റ്റോ ഉദയം ചെയ്തപ്പോൾ ഡോളറിൻറെ ശക്തി ക്ഷയിക്കുമെന്ന് പറഞ്ഞവരെ ഇപ്പോൾ മഷിയിട്ടു നോക്കിയിയിട്ടുപോലും കാണാനില്ല.
രാജ്യങ്ങളുടെ കടത്തിൽ 40% ഡോളറിലാണ്. പല ലോക സർക്കാരുകളും തങ്ങളുടെ കരുതൽ ധന ശേഖരം ഡോളറിലാക്കിയിരിക്കുകയും ചെയ്യുന്നു. കൂടാതെ പല രാജ്യാന്തര കരാറുകളുടെയും ഇടനിലക്കാരൻ ഡോളറാണ്.2 019 ലെ കണക്കുകൾ പ്രകാരം സെൻട്രൽ ബാങ്കുകളുടെ കരുതൽ ധനശേഖരത്തിൽ 60 ശതമാനം വരെ ഡോളറാണ്.