ദുബായ്: ട്വന്റി 20 ലോകകപ്പിൽ ഗ്രൂപ്പ് രണ്ടിലെ മത്സരത്തിൽ അഫ്ഗാനിസ്താനെതിരേ അഞ്ചു വിക്കറ്റിന്റെ തകർപ്പൻ ജയവുമായി പാകിസ്താൻ.അഫ്ഗാൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം ആറു പന്തുകൾ ബാക്കിനിൽക്കേ പാകിസ്താൻ മറികടന്നു. തുടർച്ചയായ മൂന്നാം ജയത്തോടെ പാകിസ്താൻ സെമി ഉറപ്പാക്കുകയും ചെയ്തു.
47 പന്തിൽ നിന്ന് നാലു ഫോറടക്കം 51 റൺസെടുത്ത ക്യാപ്റ്റൻ ബാബർ അസമാണ് പാകിസ്താന്റെ ടോപ് സ്കോറർ.കളിയിൽ അഫ്ഗാനിസ്താൻ മേൽക്കൈ നേടിനിൽക്കേ കരീം ജന്നത്തിന്റെ 19-ാം ഓവറിൽ നാലു സിക്സറുകൾ പറത്തിയ ആസിഫ് അലിയാണ് പാക് ടീമിന് തകർപ്പൻ ജയം സമ്മാനിച്ചത്. ആസിഫ് വെറും ഏഴു പന്തിൽ നിന്ന് 25 റൺസോടെ പുറത്താകാതെ നിന്നു.
148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് തുടക്കത്തിൽ തന്നെ ഫോമിലുള്ള മുഹമ്മദ് റിസ്വാനെ നഷ്ടമായി. എട്ടു റൺസെടുത്ത താരത്തെ മൂന്നാം ഓവറിൽ മുജീബുർ റഹ്മാനാണ് മടക്കിയത്.
എന്നാൽ രണ്ടാം വിക്കറ്റിൽ ബാബർ അസമിനൊപ്പം ഫഖർ സമാൻ ഒന്നിച്ചതോടെ അഫ്ഗാനിസ്താൻ പ്രതിരോധത്തിലായി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 63 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
25 പന്തിൽ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 30 റൺസെടുത്ത ഫഖർ സമാനെ വിക്കറ്റിന് മുന്നിൽ കുടുക്കി മുഹമ്മദ് നബിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
വൈകാതെ 10 പന്തിൽ നിന്ന് 10 റൺസുമായി മുഹമ്മദ് ഹഫീസും മടങ്ങി. തുടർന്ന് ബാബറും ഷുഐബ് മാലിക്കും ചേർന്ന് സ്കോർ 122 വരെയെത്തിച്ചു. 17-ാം ഓവറിലെ അവസാന പന്തിൽ ബാബറിനെ മടക്കി റാഷിദ് ഖാൻ അഫ്ഗാനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു.
പിന്നാലെ 18-ാം ഓവറിൽ മാലിക്കിനെ മടക്കി നവീൻ ഉൾ ഹഖ് പാകിസ്താനെ കൂടുതൽ പ്രതിരോധത്തിലാക്കി. 15 പന്തിൽ നിന്ന് 19 റൺസെടുത്താണ് മാലിക്ക് മടങ്ങിയത്. എന്നാൽ 19-ാം ഓവറിൽ ആസിഫ് തകർത്തടിച്ചതോടെ പാകിസ്താൻ തകർപ്പൻ ജയം സ്വന്തമാക്കുകയായിരുന്നു.
നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത മുജീബുർ റഹ്മാനും നാല് ഓവറിൽ 26 റൺസിന് രണ്ടു വിക്കറ്റെടുത്ത റാഷിദ് ഖാനും അഫ്ഗാൻ ബൗളർമാരിൽ തിളങ്ങി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താൻ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു.
12.5 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 76 റൺസെന്ന നിലയിലായിരുന്ന അഫ്ഗാനെ അവസാന ഓവറുകളിൽ തകർത്തടിച്ച മുഹമ്മദ് നബി – ഗുൽബാദിൻ നയ്ബ് സഖ്യമാണ് 147-ൽ എത്തിച്ചത്. ഏഴാം വിക്കറ്റിൽ ഒന്നിച്ച ഇരുവരും 71 റൺസാണ് അഫ്ഗാൻ സ്കോറിലേക്ക് ചേർത്തത്.
32 പന്തുകൾ നേരിട്ട നബി അഞ്ചു ഫോറടക്കം 35 റൺസോടെ പുറത്താകാതെ നിന്നു. ഗുൽബാദിൻ നയ്ബ് 25 പന്തുകൾ നേരിട്ട് ഒരു സിക്സും നാലു ഫോറുമടക്കം 35 റൺസെടുത്തു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. 5.1 ഓവറിനുള്ളിൽ 39 റൺസെടുക്കുന്നതിനിടെ ഹസ്റത്തുള്ള സസായ് (0), മുഹമ്മദ് ഷഹ്സാദ് (8), അസ്ഗർ അഫ്ഗാൻ (10), റഹ്മാനുള്ള ഗുർബാസ് (10) എന്നിവർ പവലിയനിലേക്ക് മടങ്ങി.
തുടർന്ന് കരീം ജന്നത്തും നജിബുള്ള സദ്രാനും ചേർന്ന് സ്കോർ 64 വരെയെത്തിച്ചു. പത്താം ഓവറിൽ കരീം ജന്നത്തിനെ (15) ഇമാദ് വസീം മടക്കി. 13-ാം ഓവറിൽ സദ്രാനും (22) മടങ്ങിയതോടെ അഫ്ഗാൻ പ്രതിസന്ധിയിലായി.
എന്നാൽ മുഹമ്മദ് നബി – ഗുൽബാദിൻ നയ്ബ് സഖ്യം ക്രീസിൽ ഒന്നിച്ചതോടെ അഫ്ഗാൻ സ്കോർബോർഡ് വേഗത്തിൽ ചലിച്ചു തുടങ്ങി.
പാകിസ്താനു വേണ്ടി ഇമാദ് വസീം രണ്ടു വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്താൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.