KeralaNews

സുരേഷ് ഗോപിയും ഹെലികോപ്ടറില്‍ അല്ലേ വന്നതും പോയതും; അതിലും പൈസ കടത്തിയിരുന്നോയെന്ന് സംശയിക്കുന്നുവെന്ന് പദ്മജ വേണുഗോപാല്‍

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനോടൊപ്പം സുരേഷ് ഗോപിയുടെ പങ്കു കൂടി അന്വേഷിക്കണമെന്ന് തൃശ്ശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന പദ്മജ വേണുഗോപാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പദ്മജയുടെ പ്രതികരണം.

കെ. സുരേന്ദ്രനെപ്പോലെ സുരേഷ് ഗോപിയും ഹെലികോപ്ടറിലാണ് തൃശ്ശൂരില്‍ പ്രചരണത്തിനായി എത്തിയതെന്നും ആ സമയത്ത് പണം കടത്തിയോ എന്ന് സംശയമുയരുന്നുണ്ടെന്നും പദ്മജ പറഞ്ഞു. ഇതെല്ലാം അന്വേഷണ വിധേയമാക്കണമെന്നും പദ്മജ ഫേസ്ബുക്ക് പോസ്റ്റിലെഴുതി.

‘കെ.സുരേന്ദ്രനെ മാത്രം അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററില്‍ ആണ് തൃശ്ശൂരില്‍ വന്നതും പോയതും.അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു .തെരഞ്ഞെടുപ്പ് ചിലവില്‍ ഇതെല്ലം കാണിച്ചിട്ടുണ്ടോ ? ഇതും അന്വേക്ഷണ വിഷയമാക്കേണ്ടതല്ലേ?,’ പദ്മജ പറഞ്ഞു. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴിയെടുത്തേത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പദ്മജയുടെ പ്രതികരണം.

കേസിലെ പരാതിക്കാരനായ ധര്‍മ്മരാജന്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ചും കാര്യമായ അന്വേഷണം നടത്താനും നിര്‍ദേശമുണ്ട്.

അതേസമയം കെ.സുരേന്ദ്രനും ബി.ജെ.പിക്കുമെതിരെ പുതിയ ആരോപണങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. മഞ്ചേശ്വരം മണ്ഡലത്തില്‍ തന്റെ സ്വാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനായി പത്രിക പിന്‍വലിക്കാന്‍ ബി.ജെ.പി നേതൃത്വം തനിക്ക് രണ്ട് ലക്ഷം രൂപ നല്‍കിയെന്ന് കെ. സുരേന്ദ്രനെതിരെ മത്സരിച്ച കെ. സുന്ദരയ്യ വെളിപ്പെടുത്തിയിരുന്നു.

15 ലക്ഷമാണ് ആദ്യം വാഗ്ദാനം നല്‍കിയതെന്നും എന്നാല്‍ അതില്‍ രണ്ട് ലക്ഷം മാത്രമാണ് തനിക്ക് ലഭിച്ചതെന്നും കെ. സുന്ദര പറഞ്ഞിരുന്നു. ബി.ജെ.പി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും പണം ബി.ജെ.പി നേതാക്കള്‍ വീട്ടിലെത്തി അമ്മയുടെ കയ്യില്‍ കൊടുത്തുവെന്നും സുന്ദര പറഞ്ഞു. കെ. സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകത്തില്‍ വൈന്‍ പാര്‍ലറും പുതിയ വീടും നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നതായി സുന്ദര പറഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി സുന്ദര നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. പിന്നീട് ഇദ്ദേഹം പത്രിക പിന്‍വലിക്കുകയായിരുന്നു. പത്രിക പിന്‍വലിക്കുന്നതിന്റെ തലേദിവസം സുന്ദരയെ കാണാനില്ലെന്ന് പറഞ്ഞ് ബി.എസ്.പി നേതൃത്വം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മാധ്യമങ്ങളെ കണ്ട് താന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് സുന്ദര പ്രഖ്യാപിക്കുകയായിരുന്നു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സുന്ദരയ്യ 467 വോട്ടുകളാണ് നേടിയത്. ബി.എസ്.പി സ്ഥാനാര്‍ത്ഥിയായാണ് കെ. സുന്ദര മത്സരിച്ചത്. അന്ന് 89 വോട്ടിനാണ് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button