KeralaNews

രാജസ്ഥാനില്‍ മരിച്ച ബിഎസ്എഫ് ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ അഴുകിയ നിലയിൽ,ആരോപണവുമായി ബന്ധുക്കള്‍

തിരുവനന്തപുരം: ജോലി സ്ഥലത്ത് ഹൃദയസ്തംഭനം മൂലം മരിച്ച ബിഎസ്എഫ് ജവാൻ്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ അഴുകി തിരിച്ചറിയാൻ കഴിയാത്ത നിലയിലെന്ന് പരാതി. ഡിഎൻഎ പരിശോധനയും റീപോസ്റ്റ്മോർട്ടവും വേണമെന്നും മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും ബന്ധുക്കൾ ആരോപിച്ചു. പൂവാർ ചെക്കടി കുളംവെട്ടി എസ്.ജെ ഭവനിൽ ശമുവേൽ (59) ആണ് മരിച്ചത്.

രാജസ്ഥാനിലെ വാട്മീറിൽ ഹെഡ് കോൺസ്റ്റബിളായി ജോലി ചെയ്തിരുന്ന ശമുവേൽ കഴിഞ്ഞ 24 ന് വൈകിട്ട് ഹൃദയ സ്തംഭനത്തെ തുടർന്ന് മരിച്ചുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മൃതദേഹം 26ന് രാവിലെ നാട്ടിലെത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും  രാത്രി 9 മണിയ്ക്കാണ് തിരുവനന്തപുരത്ത് എത്തിച്ചത്.

ഏറ്റു വാങ്ങാനെത്തിയ ബന്ധുക്കൾ മൃതദേഹം ആംബുലൻസിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മൃതദേഹം അഴുകിയ നിലയിലാണെന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിസമ്മതിച്ചു. പിന്നീട് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. മൃതദേഹം ശമുവേലിൻ്റേത് തന്നെയാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നും മരണം സംബന്ധിച്ച് സംശയമുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.

ഡിഎൻഎ ടെസ്റ്റിന് പുറമെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. പോസ്റ്റ് മാർട്ടം റിപ്പോർട്ടും  ഡിഎൻഎ പരിശോധനാ ഫലവും ലഭിക്കന്നത് അനുസരിച്ച് മൃതദേഹം ഏറ്റുവാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. അടുത്ത വർഷം സർവീസിൽ നിന്നും വിരമിക്കാനിരിക്കേയാണ് അന്ത്യം. നാട്ടിൽ ലീവിന് വന്നിരുന്ന ശമുവേൽ ഇക്കഴിഞ്ഞ 18-ാം തിയതിയാണ് ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയത്. ഭാര്യ: ജാസ്മിൻ ലൗലി. മക്കൾ: നീനു, മീനു. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂവാർ പൊലീസ് കേസെടുത്തു.   

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker