കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടത്; ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ജോസഫ്
ഇടുക്കി: കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും പി.ജെ.ജോസഫ്. കുട്ടനാട് സീറ്റിനായി ജോസ് കെ. മാണി ഉന്നയിക്കുന്ന വാദം ബാലിശമാണ്. 29ന് പാര്‍ട്ടിയുടെ നിലപാട് യുഡിഎഫ് നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ തങ്ങളുമായി ശനിയാഴ്ച കോണ്‍ഗ്രസ് നേതൃത്വം ഉഭയകക്ഷി ചര്‍ച്ച നടത്തുന്നുണ്ട്. തങ്ങളോട് മാത്രമാകും കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തുക. സീറ്റ് വച്ചുമാറേണ്ട സ്ഥിതിയില്ലെന്നും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുട്ടനാട്ടില്‍ സ്ഥാനാര്‍ഥിയായി ഉണ്ടാകുമെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി.
അതേസമയം കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ.മാണി എംപി ചെയര്‍മാനായ കേരളാ കോണ്‍ഗ്രസിന്റെ പ്രതിനിധി യുഡിഎഫ് സ്ഥാനാര്‍ഥി മത്സരിക്കുമെന്നു പാര്‍ട്ടി തിരഞ്ഞെടുപ്പ് ഉപസമിതി ചെയര്‍മാന്‍ തോമസ് ചാഴികാടന്‍ എംപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു ജില്ലയിലെ പ്രവര്‍ത്തകരും നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മുന്‍കാലങ്ങളില്‍ കേരള കോണ്‍ഗ്രസിന് (എം) അനുവദിച്ച സീറ്റാണിത്. കെ.എം.മാണി യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച ചെയ്ത് പുനലൂരുമായി വച്ചുമാറിയ സീറ്റാണു കുട്ടനാടെന്നും അദ്ദേഹം പറഞ്ഞു.