ജോസ് കെ. മാണിയുടെ ഒരഭ്യാസവും നടക്കില്ല; ജോസ് ടോമിനെ പരിഗണിക്കരുതെന്ന് ജോസഫ്
കോട്ടയം: ജോസ്.കെ.മാണിയുടെ ഒരഭ്യാസവും നടക്കില്ലെന്ന് പി.ജെ.ജോസഫ്. രണ്ടില ചിഹ്നം ആവശ്യപ്പെട്ട് തനിക്ക് കത്തയച്ചത് തട്ടിപ്പാണ്. ജോസിന്റെ അധികാരങ്ങള്‍ കോടതി നിര്‍വീര്യമാക്കിയതാണ്. ജോസ് യുഡിഎഫിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ജോസഫ് ആരോപിച്ചു.
അതേസമയം പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമര്‍പ്പിച്ച ജോസ് ടോമിന്റെ നാമനിര്‍ദേശ പത്രികയില്‍ തീരുമാനം നീട്ടിവച്ചു. മറ്റു പത്രികകള്‍ പരിശോധിച്ചശേഷം വാദം തുടരും. സൂക്ഷ്മ പരിശോധനയില്‍ ജോസഫ് വിഭാഗം എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ജോസ് ടോമിനെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പരിഗണിക്കരുതെന്നായിരുന്നു ജോസഫ് വാദിച്ചത്. ജോസ് ടോം പത്രിക നല്‍കിയത് ചെയര്‍മാന്റെ അനുമതിപത്രം ഇല്ലാതെയാണ്. ഫോമില്‍ ഒപ്പിട്ടതിനെ ചൊല്ലിയും തര്‍ക്കം ഉടലെടുത്തു. പത്രികയിലെ സീല്‍ ഔദ്യോഗികമല്ലെന്നും വാദമുയര്‍ന്നു. രണ്ടില ചിഹ്നം അനുവദിക്കാനാകില്ലെന്നും ജോസഫ് വിഭാഗം നിലപാട് എടുത്തതോടെ ഭിന്നത രൂക്ഷമായി.
അതേസമയം, ജോസഫ് വിഭാഗത്തിന്റെ വാദങ്ങളെ തള്ളി ജോസ്.കെ.മാണി വിഭാഗം രംഗത്തെത്തി. അനുമതിപത്രം ചെയര്‍മാന്‍ തന്നെ നല്‍കണമെന്ന് പാര്‍ട്ടി ഭരണഘടനയിലില്ല. പാര്‍ട്ടി സ്ഥാനാര്‍ഥിയായി മറ്റാരും പത്രിക നല്‍കിയിട്ടില്ല. രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ജോസ്.കെ.മാണി വിഭാഗം വാദിച്ചു. ജോസ് ടോമിന്റെ പത്രിക പരിശോധിക്കുന്നത് തുടരുകയാണ്. ജോസ് ടോമിന്റെ പത്രികയില്‍ നിരവധി കോളങ്ങള്‍ പൂരിപ്പിച്ചില്ലെന്നും ജോസഫ് പക്ഷം ആരോപിച്ചിരുന്നു.