31.1 C
Kottayam
Friday, May 3, 2024

കൂട്ടുകാരിയായ പശുവിനെ കൊണ്ടുപോകാനെത്തിയ വാഹനത്തിന് പിന്നാലെ ഒരു കിലോമീറ്റര്‍ ഓടി അമ്പലക്കാള! കരളലിയിക്കുന്ന വീഡിയോ

Must read

പശുവിനെ കൊണ്ടുപോകാനെത്തിയ വാഹനത്തിന് പിന്നാലെ ഓടുന്ന കാളയുടെ വീഡിയോ നൊമ്പരമാകുന്നു. ജെല്ലിക്കെട്ടിന് പേരുകേട്ട മധുരയിലെ പാലമേട്ടില്‍ നിന്നായിരുന്നു ഈ കരളലിയിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നത്. അവിടുത്തെ അമ്പലക്കാളയായ മഞ്ചമലൈയാണ് കഥയിലെ നായകന്‍. നായിക മണികണ്ഠന്‍ എന്നയാളുടെ പശു ലക്ഷ്മിയും. കൂട്ടുകാരാണ് ഇരുവരും. ലോക്ഡൗണ്‍ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ മണികണ്ഠന്‍ ലക്ഷ്മിയെ വിരുതുനഗറിലെ ക്ഷീരഫാമുകാര്‍ക്ക് വിറ്റു.

ലക്ഷ്മിയെ കൊണ്ടുപോകാന്‍ ഞായറാഴ്ച അവര്‍ വന്നപ്പോളാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ലക്ഷ്മിയെ കൊണ്ടുപോകുന്ന വാഹനത്തിന് പിന്നാലെ ഒരു കിലോമീറ്ററാണ് മഞ്ചമലൈ ഓടിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ വാഹനം നിര്‍ത്തി. പിന്നെ അതിനുചുറ്റുമായി മഞ്ചമലൈയുടെ നടത്തം. ഇടക്ക് മൂക്ക് ഉയര്‍ത്തി ഇരുമ്പുകമ്പികള്‍ക്കിടയിലൂടെ പശുവിന്റെ മുഖത്ത് ഉരുമുകയും ചെയ്തു.

തിങ്കളാഴ്ച ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളും ടി.വി ചാനലുകളും പ്രചരിപ്പിച്ചതോടെ വിഡിയോ വൈറലായി. അമ്പലക്കാളയുടെ വിരഹദുഃഖം തമിഴകം ഏറ്റെടുക്കുകയും ചെയ്തു. ലക്ഷ്മിയെ തിരികെയെത്തിക്കണമെന്ന കാമ്പയിനും ശക്തമായി. ഇത് ശ്രദ്ധയില്‍പ്പെട്ട ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം മകന്‍ ഒ.പി. പ്രദീപിനോട് ലക്ഷ്മിയെ തിരികെ വാങ്ങാന്‍ നിര്‍ദേശിച്ചു. ഫാമിന്റെ ഉടമയ്ക്ക് പണംനല്‍കി പ്രദീപ് ലക്ഷ്മിയെ തിരികെ എത്തിക്കാന്‍ സൗകര്യവുമൊരുക്കി.

പാലമേട്ടിലെ ക്ഷേത്രത്തിന് പശുവിനെ സമര്‍പ്പിക്കുകയാണ് പ്രദീപ് ചെയ്തത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും ലക്ഷ്മിയുടെ മടങ്ങിവരവ് നാട്ടുകാര്‍ ഉത്സവമാക്കി. ഗ്രാമാതിര്‍ത്തിയില്‍ ലക്ഷ്മിയെ സ്വീകരിക്കാന്‍ അവര്‍ മഞ്ചമലൈയെയും എത്തിച്ചു. ഇരുവര്‍ക്കും നാട്ടുകാര്‍ പൊട്ടുകുത്തുകയും മാലചാര്‍ത്തുകയും ചെയ്തു. ഇപ്പോള്‍ മഞ്ചമലൈയുടെ കൂടെത്തന്നെ ക്ഷേത്രത്തിലെ തൊഴുത്തിലാണ് ലക്ഷ്മി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week