കോട്ടയം: വാവ സുരേഷിന്റെ പാമ്പുപിടിത്ത രീതിയോടു കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു വനം വകുപ്പ് അധികൃതര്‍. വാവ സുരേഷിന്റെ പാമ്പുപിടിത്ത രീതി അംഗീകരിക്കുവാന്‍ കഴിയില്ലെന്നു വനം വകുപ്പ് അധികൃതര്‍. സുരേഷിനെ അനുകരിച്ചാണ് പലരും പാമ്പ് പിടിക്കുന്നത്. അതിനാല്‍ ഈ രീതി കര്‍ശനമായി നിയന്ത്രിക്കുമെന്നു കോട്ടയത്തെ വനം വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പാമ്പ് പിടിക്കാനായി പ്രത്യേക ഹുക്കും ബാഗും നല്‍കാറുണ്ട്. ഇത്തരം മുന്‍കരുതല്‍ ഇല്ലാതെയാണ് വാവ സുരേഷും അദ്ദേഹത്തെ അനുകരിക്കുന്നവരും പാന്പിനെ പിടിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. പാമ്പിനെ പിടികൂടിക്കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ ബാഗിനുള്ളില്‍ ആക്കണം. പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. എന്നാല്‍, വാവ സുരേഷ് പാമ്പിനെ പിടിച്ചു കഴിഞ്ഞാല്‍ പൊതു ജനങ്ങള്‍ക്കു മുമ്പാകെ പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ ദിവസം കുറിച്ചിയില്‍ സംഭവിച്ചതും ഇതു തന്നെയാണെന്ന് ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കുറിച്ചിയില്‍നിന്ന് ആദ്യം ഫോണ്‍ വിളി കോട്ടയം ഫോറസ്റ്റ് അധികൃതര്‍ക്കാണ് ലഭിച്ചത്. അത് അനുസരിച്ചു രണ്ടു തവണ കുറിച്ചിയില്‍ എത്തിയെങ്കിലും പാന്പിനെ പിടികൂടാന്‍ കഴിയാതെ മടങ്ങിപ്പോന്നു. അതിനു ശേഷമാണ് കുറിച്ചിയില്‍ നിന്നാരോ വാവ സുരേഷിനെ വിളിക്കുന്നതും അദ്ദേഹം പാമ്പ് പിടിക്കുന്നതും തുടര്‍ന്ന് അപകടം ഉണ്ടാകുന്നതും. വാവ സുരേഷ് വാഹനാപകടത്തില്‍ പരിക്കേറ്റ ശേഷം തിരുവനന്തപുരത്തു വിശ്രമിക്കുന്ന സമയത്താണ് പാമ്പിനെ പിടിക്കാന്‍ എത്തിയത്.
അതേസമയം, തന്നെ അപമാനിക്കുന്നതും തനിക്കെതിരേ പ്രചാരണം നടത്തുന്നതും പിതാവ് മരണപ്പെട്ടതിനു പകരമായി ജോലിയില്‍ പ്രവേശിച്ച ഒരു ഉദ്യോഗസ്ഥനാണെന്നും തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് വേണമെങ്കില്‍ പ്രദര്‍ശിപ്പിക്കാമെന്നും വാവ സുരേഷ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു.