ബെംഗളൂരു: മഴ ശക്തമായത്തേടെ ബെംഗളൂരു നഗരത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തുടർച്ചയായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. മഴ ശക്തമായത്തോടെ ബെംഗളുരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17 വരെ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പി.യു കോളേജുകൾ, ഡിഗ്രി കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, ഡിപ്ലോമ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഐടിഐകൾ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല.
കാലാവസ്ഥാ മുന്നറിയിപ്പുകൾക്കിടയിലും ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കോളേജ് മേധാവികൾക്ക് ബംഗളൂരു ഡെപ്യൂട്ടി കമ്മീഷണർ ജഗദീശ ജി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നലെ രാത്രി തുടങ്ങിയ മഴ തോരാതായതോടെ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതായും ജില്ലാ ഭരണകൂടം അറിയിച്ചു. ശക്തമായ മഴയിൽ മരങ്ങൾ കടപുഴകി വീണ് വാഹനങ്ങൾക്കുള്‍പ്പടെ കേടുപാടുകളുണ്ടായി.
നഗര അതിർത്തികളായ മൈസൂർ റോഡ് , തുകുരു റോഡ് , ഹൊസൂർ റോഡ് , നെലമംഗല എന്നിവിടങ്ങളിൽ ഗതാഗത കുരുക്ക് രൂക്ഷമായെന്നും ജില്ലാ ഭരണകൂടം അറിയിച്ചു . ബെംഗളൂരുവിനു പുറത്തുള്ള ജില്ലകളിൽ മഴ വ്യാപകമായത്തോടെ കൃഷി പാടങ്ങൾ വെള്ളത്തിലായി. കർണാടക മേഖലയിലും കനത്ത മഴ തുടരുകയാണ്. മൂന്നു ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.