KeralaNews

കുഴൽ ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന നിലയാക്കരുതെന്ന് ഷാഫി പറമ്പിൽ,കുഴൽ കുഴലായി തന്നെ ഉണ്ടാകും അങ്ങോട്ടും ഇങ്ങോട്ടും പോകില്ലെന്ന് മുഖ്യമന്ത്രി: കൊടകര കുഴൽപ്പണ കേസിൽ കൊമ്പുകോർത്ത് ഭരണ പ്രതിപക്ഷങ്ങൾ

തിരുവനന്തപുരം: ബിജെപി കേരള ഘടകത്തെ പ്രതിരോധത്തിലാക്കിയ കൊടകര കള്ളപ്പണ കവർച്ചാ കേസ് നിയമസഭയിലും ചർച്ചയായി. പാലക്കാട് എംഎൽഎ ഷാഫി പറമ്പിലാണ് കൊടകര കേസ് അടിയന്തര പ്രമേയമായി സഭയിൽ ഉന്നയിക്കാൻ അനുമതി തേടിയത്. കള്ളപ്പണത്തിനെതിരെ വൻ പ്രചാരണം നടത്തിയ ബിജെപിയും സുരേന്ദ്രനും ഇപ്പോൾ അതിൻ്റെ വക്താക്കളായി മാറിയെന്നും ഇവർ ഉൾപ്പെട്ട കേസിലെ അന്വേഷണം ഗൗരവകരമായി നടക്കേണ്ടതുണ്ടെന്നും ഷാഫി നിയമസഭയിൽ ആവശ്യപ്പെട്ടു.

കൊടകര കേസിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് ഷാഫി പറമ്പിലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കൊടകര കേസിൽ നല്ല രീതിയിൽ അന്വേഷണം തുടരുകയാണ്. കവർച്ച നടന്ന കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നു. പ്രത്യേക അന്വേഷണസംഘമാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്.

ഇരുപത് പ്രതികളെ കേസിൽ ഇതിനോടകം അറസ്റ്റ് ചെയ്തു കഴിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് 96 സാക്ഷികളുടെ മൊഴി പൊലീസ് ഇതുവരെ എടുത്തിട്ടുണ്ട്. കേന്ദ്ര ഏജൻസിയായ ഇഡിക്കും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയിട്ടുണ്ട്. കൃത്യവും ശക്തവുമായ അന്വേഷണം കൊടകര കേസിൽ ഇപ്പോൾ നടക്കുന്നുണ്ട്. സഭ നിർത്തിവച്ച് കൊടകര കേസ് ചർച്ച ചെയ്യേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിലപാട് സ്വീകരിച്ച സ്പീക്ക‍ർ എം.ബി.രാജേഷ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ എഴുന്നേറ്റു. കൊടകര കേസിൽ ബിജെപി നേതാക്കളുടെ പേര് പോലും പറയാൻ മുഖ്യമന്ത്രി ധൈര്യപ്പെടുന്നില്ലെന്നും ബിജെപി അധ്യക്ഷൻ എന്നു പോലും മുഖ്യമന്ത്രി മറുപടി പ്രസം​ഗത്തിൽ പറഞ്ഞില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. കേസിൽ ബിജെപി നേതാക്കൾക്ക് പൊലീസിൻ്റെ സഹായം ലഭിക്കുന്നുണ്ടെന്നും കേസ് ഒത്തുതീ‍ർപ്പാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും സതീശൻ ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം പ്രതീകാത്മകമായി സഭയിൽ നിന്നും ഇറങ്ങിപ്പോകുകയും പിന്നീട് തിരിച്ചെത്തി നടപടികളുമായി സഹകരിക്കുകയും ചെയ്തു.

ഷാഫിയുടെ വാക്കുകൾ –

നോട്ട് നിരോധനം പരാജയമാണെന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊടകര കേസ്. കള്ളപ്പണം തടയാൻ നോട്ട് നിരോധിച്ച പാർട്ടിയാണ് കുഴൽ പണം കടത്തുന്നത്. കള്ളപ്പണത്തിനു എതിരായ പോരാട്ടം ബിജെപി തോറ്റു. കള്ളപ്പണം ഇപ്പോൾ ബിജെപിക്കാരുടെ കയ്യിലാണ്. ഒരു സീറ്റ് പോലും ജയിക്കാത്ത സംസ്ഥാനത്തേക്ക് കള്ളപ്പണം ഒഴുക്കുകയായിരുന്നു ബിജെപി. കള്ളപ്പണത്തിനു എതിരെ വാ തോരാതെ സംസാരിച്ച ആളാണ് കെ.സുരേന്ദ്രൻ. ഏപ്രിൽ മൂന്നിന് കള്ളപ്പണം കൊണ്ട് വന്ന വാഹനം തട്ടിക്കൊണ്ടു പോയി എന്നാൽ പരാതി വരുന്നത് തെരഞ്ഞെടുപ്പിന് ശേഷമാണ്. ഈ കേസ് പോലീസ് നേരെ നിന്നു അന്വേഷിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.

ധർമരാജനുമായി ആദ്യം ബന്ധം ഇല്ലെന്നാണ് ബിജെപി നേതാക്കൾ പറഞ്ഞത്. പ്രചാരണസാമഗ്രഹികളുമായി വന്നയാളാണെന്ന് പിന്നീട് പറഞ്ഞു.
കേരളത്തിലെ ബിജെപിയുടെ വലിയ പ്രചാരണ സാമഗ്രി പണം തന്നെയാണ്. പാർട്ടിലേക്കും മുന്നണിയിലേക്കും ആളെ കൊണ്ട് വരാൻ പണം എറിയുകയാണ്. മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർത്ഥിയെ പിൻവലിപ്പിക്കാനും അവർ പണം നൽകി. പോലീസ് അന്വേഷണം ഗൗരവത്തോടെ വേണം. കുഴൽ ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന നിലയാക്കരുത്. മറ്റു പല കേസുകൾക്കും വേണ്ടിയാണ് തൻ്റെ മകനെ പ്രതിയാക്കുന്നതെന്ന് സുരേന്ദ്രൻ പറയുന്നു. ഈ കേസ് അന്വേഷണത്തിൽ സർക്കാർ ഒത്തുകളിക്കുന്നുവെന്ന ആരോപണം ഉണ്ടാവാൻ പാടില്ല. ഈ വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിയുടെ വാക്കുകൾ –

കള്ളപ്പണത്തിന്റെ വ്യാപനം സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ ഉണ്ടായി എന്ന് വിവിധ കമ്മിറ്റികൾ കണ്ടെത്തിയിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കാൻ ആണ് ഇന്ത്യയിൽ കള്ളപ്പണത്തിന്റെ ഒഴുക്കും വളർച്ചയും ഉണ്ടായത്. വിദേശത്തേക്ക് കടത്തിയ കള്ളപ്പണം നാട്ടിലേക്ക് എത്തിക്കും എന്നായിരുന്നു ബിജെപി വാഗ്ദാനം. ഇതുവരെ എത്ര പണം തിരിച്ചു കൊണ്ട് വന്നു എന്നതിന് കേന്ദ്രസ‍ർക്കാ‍ർ കണക്കു പറയുന്നില്ല. രണ്ടാം യുപിഎ സർക്കാരിൻ്റെ കാലത്തും കള്ളപ്പണത്തെ കുറിച്ച് നിരവധി പഠനം നടന്നിരുന്നു. പക്ഷേ റിപ്പോ‍ർട്ടുകളും ഇന്നാൾ വരെ പുറത്തു വന്നില്ല.

കള്ളപ്പണത്തിനെതിരെ എന്നും ശക്തമായ നിലപാട് എടുത്തത് ഇടതു പക്ഷമാണ്. ഈ കേസിലും ഗൗരവകരമായ അന്വേഷണമാണ് നടക്കുന്നത്. പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ ഈ കേസ് അന്വേഷിക്കുന്നത്. നിരവധി പേരെ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു. ഒരു കുറ്റവാളിയും രക്ഷപെടാൻ പാടില്ല എന്ന നിലയിൽ ആണ് അന്വേഷണം. അന്വേഷണം കൃത്യമായി മുന്നോട്ട് പോകുന്നുണ്ട്. ജനാധിപത്യത്തെ തകർക്കാൻ നീക്കം നടന്നു എങ്കിൽ അതും പുറത്ത് വരും. കുഴൽ കുഴലായി തന്നെ ഉണ്ടാകും. അങ്ങോട്ടും ഇങ്ങോട്ടും പോകില്ല. ഈ നിലയിൽ നിയമസഭാ നടപടികൾ നിർത്തി വച്ച് ഈ പ്രമേയം ച‍ർച്ച ചെയ്യേണ്ടതില്ല.

മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിച്ച സ്പീക്ക‍ർ എം.ബി.രാജേഷ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ എഴുന്നേറ്റു

വിഡി സതീശൻ്റെ വാക്കുകൾ –

കൊടകര കേസിൽ ബിജെപി നേതാക്കൾക്കുള്ള പങ്ക് പറയാതിരിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. ഈ കേസ് ഒത്തു തീർക്കാൻ ശ്രമം ഉണ്ടായിട്ടുണ്ട്. 3.5 കോടി കൊണ്ട് വന്നു എന്ന് പോലീസ് മാധ്യമങ്ങളോട് പറയുന്നുണ്ട്. എത്ര പണം ഉണ്ട് എന്ന് കൃത്യമായി പറയുന്നില്ല. ധർമരാജൻ അറിയപ്പെടുന്ന സംഘ പരിവാർ നേതാവാണ്. ധർമരാജൻ കേസിൽ പ്രതിയായോ എന്ന് വ്യക്തമല്ല. ബിജെപി പ്രസിഡന്റ് എന്ന വാക്ക് പോലും മുഖ്യമന്ത്രി ഉച്ചരിക്കുന്നില്ല. മൊഴി കൊടുക്കാൻ പോകുന്നവർക്ക് മുൻ‌കൂട്ടി ചോദ്യം പോലീസ് നൽകുന്നുണ്ട്. ബിജെപിയെ സഹായിക്കാൻ പോലീസ് ശ്രമിക്കുന്നു. എന്ത് കൊണ്ട് പണാപഹരണതിന് അപ്പുറത്തേക്ക് ആരെയും അറസ്റ് ചെയ്യുന്നില്ല?

സംസ്ഥാന സർക്കാരിന് എതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം തീർന്നിട്ടില്ല. സർക്കാരും കേന്ദ്ര ഏജൻസിയും ധാരണയിൽ എത്തിയാൽ കൊടകര കേസ്‌ അട്ടിമറിക്കപ്പെടുമോയെന്ന സംശയമുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെട്ട കേസിൽ അന്വേഷണം മന്ദ​ഗതിയിലാണ്. കൊടകര കേസിലെ പണത്തിൻ്റെ സ്ത്രോസ് സ‍ർക്കാർ അന്വേഷിക്കുന്നില്ല. ഒരുപാട് ഒത്തുതീ‍ർപ്പ് ചർച്ച ഇതിനോടകം നടത്തിയല്ലോ. ഒത്തുതീ‍ർപ്പിന് വിലപേശനായി ഈ കേസ് മാറ്ററുത്. മഞ്ചേശ്വരത്തും പാലക്കാടും ബിജെപി യെ ജയിപ്പിക്കാൻ ഒത്തു തീർപ്പ് ഉണ്ടായിരുന്നു. ഒത്തു തീർപ്പിന്റെ പല വിവരങ്ങളും പുറത്ത് വരാനുണ്ട്.

മുഖ്യമന്ത്രിയുടെ മറുപടി –

സംസ്ഥാന സർക്കാരിന് എതിരായ കേന്ദ്ര ഏജൻസി അന്വേഷണത്തെ പിന്തുണച്ചത് യുഡിഎഫാണ്. ഒത്തു തീർപ്പ് വിദഗ്ധർ ആരാണെന്നു എല്ലാവർക്കും അറിയാം. തൊഗാഡിയ കേസ് ആരാണ് ഒത്തു തീർപ്പാക്കിയത്? എംജി കോളേജ് അക്രമ കേസ്‌ ആരാണ് ഒത്തു തീർപ്പാക്കിയത്
ഒത്തു തീർപ്പിന്റെ പട്ടം നിങ്ങൾക്ക് തന്നെയാണ് ചേരുന്നത്. നിയമ വിജ്ഞാനം ബിജെപി യെ രക്ഷിക്കാൻ ആണ് ഉപയോഗിക്കുന്നത്. ഈ സ‍ർക്കാരോ മുന്നണിയോ എന്തെങ്കിലും ഒത്തുതീ‍ർപ്പ് നടത്തിയതായി അറിയുമെങ്കിൽ ഇപ്പോൾ തന്നെ പറയണം. ഒത്തു തീർപ്പ് വിവരം പോക്കറ്റിൽ ഉണ്ടെങ്കിൽ ഇപ്പോൾ പുറത്തു പറയാം അതിനായി കാത്തുനിൽക്കേണ്ടതില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker