തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിരക്കിന്റെ മറവില്‍ നടക്കുന്ന ലഹരി വില്‍പ്പനയ്‌ക്കെതിരെ കര്‍ശന നടപടിയുമായി എക്സൈസ് രംഗത്ത്. ഓണം പ്രമാണിച്ച് സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിനാണ് എക്സൈസ് വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. ഓണക്കാലത്ത് സംസ്ഥാനത്തേക്ക് വ്യാജമദ്യം എത്തുന്നത് തടയുന്നതിനായി ‘ഓപ്പറേഷന്‍ വിരുദ്ധി’ എന്ന പേരിലാണ് എക്സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധന. എക്സൈസ് കമ്മീഷണര്‍ എസ്. ആനന്ദകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചിരിക്കുന്നത്.
ഓണക്കാലത്ത് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ വ്യാജമദ്യവും ലഹരിവസ്തുക്കളും എത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കുന്നത്. ഡിവിഷന്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് പ്രത്യേക കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം. കണ്‍ട്രോള്‍ റൂമുകളുടെ കീഴില്‍ പ്രത്യേക സ്‌ക്വാഡുകള്‍ 24 മണിക്കൂറും സജ്ജമായിരിക്കും. സെപ്തംബര്‍ 15 വരെ സംസ്ഥാനത്ത് എക്സൈസിന്റെ പ്രത്യേക പരിശോധന തുടരും. മദ്യ,മയക്കുമരുന്ന് വില്‍പനയെപ്പറ്റി പൊതുജനങ്ങള്‍ക്കും രഹസ്യവിവരം നല്‍കാം. ഫോണ്‍: 04712322825, 94471 78000.