വീടിനുള്ളില്‍ നില്‍ക്കുന്ന കുട്ടികളുടെ നഗ്നചിത്രങ്ങള്‍ വരെ! ഓപ്പറേഷന്‍ പി ഹണ്ടിലൂടെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതിനെതിരെ പോലീസ് കൊണ്ടുവന്ന ഓപ്പറേഷന്‍ പി ഹണ്ടിലൂടെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് എ.ഡി.ജി.പി: മനോജ് ഏബ്രഹാം അറിയിച്ചു. പോലീസ് കണ്ടെടുത്ത ചിത്രങ്ങളിലുളള കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി. ഇതിലൂടെ ചിത്രങ്ങള്‍ക്കു പിന്നില്‍ ആരെന്നു കണ്ടെത്തുകയാണു ലക്ഷ്യം. വിശദമായ അന്വേഷണത്തിന് ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹകരണവും തേടി.

വീടുകളില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് ഓപ്പറേഷന്‍ പി ഹണ്ടിലൂടെ ലഭിച്ചത്. വീടിനുളളില്‍ നില്‍ക്കുന്ന കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പോലും പല അശ്ലീല സൈറ്റുകള്‍ വഴി പ്രചരിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങള്‍ വില്‍പന നടത്താനും ചില സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഡാര്‍ക്ക്നെറ്റ് വഴിയാണ് ഇത്തരം ഇടപാടുകള്‍ കൂടുതലായും നടക്കുന്നത്.

ചെല്‍ഡ് പോണ്‍ സൈറ്റുകള്‍ വീക്ഷിക്കുകയും, ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യുന്നത് നിയമവിരുദ്ധമാണ്. എത്ര രഹസ്യമായിട്ടാണെങ്കിലും ഇവ പോലീസ് നിരീക്ഷണത്തിലാണ് എന്നു നോക്കുന്നവര്‍ തിരിച്ചറിയണമെന്നും എ.ഡി.ജി.പി. പറഞ്ഞു. പിടിച്ചെടുത്തുള്ള മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കും. ഫോണുകളിലെ ചാറ്റുകളും വിശദമായി പരിശോധിച്ച് വരികയാണെന്നും എ.ഡി.ജി.പി. അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 |  Whatsapp Group 2 | Telegram Group