ധാരണ നടപ്പാക്കിയാല്‍ ജോസ് കെ മാണിക്ക് മടങ്ങിവരാമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ധാരണ നടപ്പിലാക്കിയാല്‍ യുഡിഎഫിലേക്ക് മടങ്ങിവരാന്‍ കഴിയുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. യുഡിഎഫിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഘട്ടമെത്തിയപ്പോഴാണ് ആഗ്രഹിക്കാത്ത തീരുമാനം എടുക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലിയുള്ള തര്‍ക്കം മാത്രമാണ് പ്രശ്‌നം. പരിഹാരത്തിനായി യുഡിഎഫ് നേതൃത്വം കൂട്ടായി പരിശ്രമിച്ചു. എന്നാല്‍ ധാരണ നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോള്‍ തങ്ങളാരും ആഗ്രഹിക്കാത്ത തീരുമാനം എടുക്കേണ്ടിവന്നു.

ധാരണ നടപ്പിലാക്കിയാല്‍ ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ട്. കെ.എം മാണിയും കേരള കോണ്‍ഗ്രസും യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.