CricketKeralaNewsSports

സഞ്ജുവിനെ കളിപ്പിക്കാൻ ഒരേയൊരു വഴി;മാര്‍ഗം നിര്‍ദ്ദേശിച്ച്‌ മുൻ താരം

ബാർബഡോസ്: വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ സഞ്ജു സാംസണെ കളിപ്പിക്കാത്തതിൽ പരിഹാസവുമായി മുൻ ഇന്ത്യൻ താരം എസ്. ബദ്രിനാഥ്. ഏകദിന ക്രിക്കറ്റിൽ മികച്ച ഫോമിൽ ഉണ്ടായിട്ടും സഞ്ജുവിനെ ഒഴിവാക്കിയതാണ് ബദ്രിനാഥിനെ ചൊടിപ്പിച്ചത്. സഞ്ജു സാംസണെ കളിപ്പിക്കാൻ ആകെയുള്ള വഴിയെന്നത് താരത്തിന്റെ ജഴ്സി മറ്റൊരാൾക്കു നൽകുകയെന്നതാണെന്നു മുൻ ഇന്ത്യൻ താരം വിമർശിച്ചു.

സഞ്ജുവിന്റെ ജഴ്സി ധരിച്ച് സൂര്യകുമാർ യാദവ് ബാറ്റു ചെയ്യുന്ന ചിത്രവും ബദ്രിനാഥ് ട്വിറ്ററിൽ ഷെയർ ചെയ്തു. ബിസിസിഐയെ പരിഹസിച്ചുകൊണ്ടാണ് ബദ്രിനാഥിന്റെ ട്വീറ്റ്. ആദ്യ ഏകദിനത്തിൽ സഞ്ജു സാംസന്റെ ജഴ്സി ധരിച്ചാണ് സൂര്യകുമാർ യാദവ് കളിക്കാനിറങ്ങിയത്. തനിക്കു ലഭിച്ച ജഴ്സിയുടെ അളവ് തെറ്റാണെന്ന് സൂര്യകുമാർ യാദവ് ബിസിസിഐയെ അറിയിച്ചിരുന്നു. തുടർന്നാണു താരം സഞ്ജുവിന്റെ ജഴ്സി ധരിച്ച് കളിക്കാനിറങ്ങിയത്.

ആദ്യ മത്സരത്തിൽ മികച്ച സ്കോർ കണ്ടെത്താൻ സൂര്യകുമാര്‍ യാദവിനു സാധിച്ചില്ല. 25 പന്തുകൾ നേരിട്ട സൂര്യ 19 റൺസെടുത്തു പുറത്താകുകയായിരുന്നു. ഇഷാൻ കിഷനായിരുന്നു ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പറുടെ ചുമതല. ബാറ്റിങ്ങില്‍ തിളങ്ങിയ ഇഷാന്‍ കിഷൻ 46 പന്തുകളിൽനിന്ന് 52 റണ്‍സാണു നേടിയത്. രണ്ടാം മത്സരത്തിലും ഇഷാൻ കിഷനെ തന്നെ ഇന്ത്യ വിക്കറ്റ് കീപ്പറാക്കാനാണു സാധ്യത.

സൂര്യകുമാര്‍ യാദവ് പുറത്തിരുന്നാൽ സഞ്ജുവിന് അവസരം ലഭിച്ചേക്കും. വൺഡൗണായി ഇറങ്ങേണ്ട വിരാട് കോലി ആദ്യ മത്സരത്തിൽ ബാറ്റു ചെയ്യാനെത്തിയില്ല. ക്യാപ്റ്റൻ രോഹിത് ശർമയാകട്ടെ മധ്യനിരയിലാണ് ബാറ്റിങ്ങിന് ഇറങ്ങിയത്. ആദ്യ മത്സരം അഞ്ച് വിക്കറ്റിന് ജയിച്ച് ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലെത്തി. ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് 114 റൺസിനു പുറത്തായി. ഇന്ത്യ 22.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യത്തിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button