ഓൺലൈൻ വഴി വളർത്താൻ പൂച്ചക്കുഞ്ഞിനെ വാങ്ങി ; വളർന്ന് വന്നപ്പോൾ കടുവക്കുഞ്ഞ് ; വീഡിയോ വൈറൽ
പാരീസ് : ദമ്പതികൾ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കണ്ട പരസ്യം വഴിയാണ് ആഫ്രിക്കന്‍ പുല്‍മേടുകളില്‍ സാധാരണയായി കണ്ടുവരുന്ന സാവന്ന കാറ്റ് എന്ന പ്രത്യേകയിനം പൂച്ചക്കുട്ടിയെ വാങ്ങിയത്. ഒന്നും രണ്ടുമല്ല, ആറായിരം യൂറോ എണ്ണിക്കൊടുത്താണ് അവര്‍ ഇഷ്ടപ്പെട്ട പൂച്ചക്കുട്ടിയെ വീട്ടിലെത്തിച്ചത്. മൂന്ന് മാസം മാത്രമേ അതിനപ്പോള്‍ പ്രായമുണ്ടായിരുന്നുള്ളൂ.
വീട്ടിലെത്തിച്ച് പാലും പഴവുമൊക്കെ കൊടുത്ത് ഇരുവരും പൂച്ചക്കുട്ടിയെ ഓമനിച്ച് തുടങ്ങി. എന്നാല്‍, ഓരോ ദിവസം കഴിയുന്തോറും പൂച്ചക്കുട്ടിയുടെ ശബ്ദത്തില്‍ ഒരു വ്യത്യാസം തോന്നിത്തുടങ്ങി. ഗാംഭീര്യമുള്ള ഒരു മുരള്‍ച്ചയൊക്കെ വന്നു തുടങ്ങി. പൂച്ചക്കുട്ടിയുടെ കാര്യത്തില്‍ സംശയം വന്നതോടെ ദമ്പതികൾ പൊലീസില്‍ വിവരമറിയിച്ചു.
പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് ഇവര്‍ ശരിക്കും ഞെട്ടിയത്. പൂച്ചക്കുഞ്ഞാണെന്ന് കരുതി ഇതുവരെ തങ്ങള്‍ താലോലിച്ചിരുന്നത് ഉഗ്രനൊരു കടുവക്കുഞ്ഞിനെയായിരുന്നു. സുമാത്രന്‍ ഇനത്തില്‍പെട്ട കടുവക്കുഞ്ഞായിരുന്നു അത്.
എന്നാല്‍, പൊലീസ് സംഭവം അവിടെ വിട്ടില്ല. വന്യമൃഗങ്ങളെ വില്‍ക്കുന്ന സംഘത്തിനായി രണ്ട് വര്‍ഷത്തോളമായി അന്വേഷണത്തിലായിരുന്നു അവര്‍. ഒമ്പത് പേരെയാണ് ഇതിന്‍റെ ഭാഗമായി അറസ്റ്റ് ചെയ്തത്. പൂച്ചക്കുഞ്ഞാണെന്ന് കരുതി കടുവക്കുഞ്ഞിനെ വാങ്ങിയ ദമ്പതികളെ കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീട് വിട്ടയച്ചു.