കൊച്ചി: ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയെന്ന കേസില്‍ മോഡല്‍ രശ്മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനും എതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. രശ്മി, ഭര്‍ത്താവ് രാഹുല്‍ എന്നിവരുള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ബംഗളുരു പെണ്‍കുട്ടികളെ പ്രതികള്‍ പെണ്‍വാണിഭത്തിനായി കേരളത്തില്‍ എത്തിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കേസ്. ഓണ്‍ലൈനിലൂടെ പ്രതികള്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്നുവെന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു.
തിരുവനന്തപുരം പോക്സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഓണ്‍ലൈന്‍ പെണ്‍വാണിഭം കണ്ടെത്താന്‍ പോലീസ് നടത്തിയ ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.2015ലാണ് ഓപ്പറേഷന്‍ ബിഗ് ഡാഡിയില്‍ രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും അറസ്റ്റിലായത്. നെടുമ്പാശ്ശേരിയില്‍ വച്ചായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്. ഐ ജി എസ് ശ്രീജിത്ത് ഐപിഎസ് ആയിരുന്നു ഓപ്പറേഷന്‍ ബിഗ് ഡാഡിക്ക് നേതൃത്വം നല്‍കിയത്.
അതേസമയം ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭ നടത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ഐജി എസ് ശ്രീജിത്തിനെ പോലീസില്‍ നിന്ന് തന്നെ ഇല്ലാതാക്കണമെന്ന വെല്ലുവിളിയുമായി പ്രതി രശ്മി ആര്‍ നായര്‍ രംഗത്തെത്തി. പോക്സോ കേസുകളില്‍ എഫ്ഐആര്‍ എഴുതി അഞ്ചും ആറും വര്‍ഷങ്ങള്‍ക്കു ശേഷം മാത്രം കുറ്റപത്രം സമര്‍പ്പിച്ചു ഇരകള്‍ക്ക് സ്വാഭാവിക നീതി ലഭ്യമാകാതിരിക്കാന്‍ വേണ്ടി പ്രതികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ് ഇയാളെന്നും രശ്മി ആരോപിച്ചു.തിരുവനന്തപുരം പോക്സോ കോടതിയില്‍ ഇന്നു രാവിലെയാണ് ക്രൈംബ്രാഞ്ച് ഇരുവര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.