കൊച്ചി: പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം തുങ്ങിമരിച്ച കടമക്കുടിയിലെ ദമ്പതികളെ മരണശേഷവും വിടാതെ ഓൺലൈൻ ലോൺ ആപ്പുകൾ. മരണം കഴിഞ്ഞ് രണ്ടു ദിവസമാകുമ്പോളും ഓൺലൈൻ വായ്പ സംഘത്തിന്റെ ഭീഷണിയും ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങളും കൂടുതൽ ആളുകളുടെ വാട്സാപ്പിലേക്ക് അയയ്ക്കുകയാണ്.
വ്യത്യസ്ത നമ്പറുകളിൽനിന്നാണ് സന്ദേശവും ചിത്രവും എത്തുന്നത്. ഭർത്താവിന്റെ ബന്ധുക്കൾക്കും ആശാപ്രവർത്തകർ അടക്കമുള്ളവരുടെയും ഫോണിലേക്ക് സന്ദേശങ്ങൾ എത്തുന്നതായാണു വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓൺലൈൻ ആപ്പിൽനിന്ന് ലോണെടുത്ത വിവരം അറിയില്ലായിരുന്നു എന്ന് നിജോയുടെ സഹോദരൻ അറിയിച്ചു. മരണശേഷം ബന്ധുക്കൾക്കു സന്ദേശങ്ങൾ ലഭിച്ചതിനുശേഷമാണ് ലോൺ ആപ്പിന്റെ കാര്യം മനസ്സിലായതെന്നും സഹോദരൻ പറയുന്നു. ‘‘ആദ്യം സന്ദേശം മാത്രമാണ് വന്നത്. പിന്നീട് മോർഫ് ചെയ്ത ചിത്രങ്ങൾ വന്നു. ഇതോടെയാണ് കൂടുതൽ ഭീകരത മനസ്സിലായത്. ഇന്നു രാവിലെയും കൂടി ബന്ധുക്കളുടെ ഫോണിലേക്കു മോർഫ് ചെയ്ത ചിത്രങ്ങൾ വന്നിട്ടുണ്ട്’’– സഹോദരൻ പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകി. ഓൺലൈൻ വായ്പത്തട്ടിപ്പു സംഘത്തിന്റെ ഉൾപ്പെടെ പങ്ക് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ജനകീയ കൂട്ടായ്മയിൽ രൂപീകരിച്ച ജാഗ്രത സമിതിയും പരാതിയുമായി മുന്നോട്ടു പോകുകയാണ്.
മരണങ്ങളെ സംബന്ധിച്ചു സമഗ്ര അന്വേഷണം ആരംഭിച്ചതായി മുനമ്പം ഡിവൈഎസ്പി കെ.എ.അനീഷ് അറിയിച്ചു. ഓൺലൈൻ വായ്പത്തട്ടിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിലുണ്ട്. എന്നാൽ ചെറിയ തുക മാത്രമാണു ഇവർ വായ്പയായി എടുത്തിട്ടുള്ളതെന്നാണു വിവരം. കൂട്ടമരണത്തിനു പിന്നിൽ മറ്റു കാര്യങ്ങൾ ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും.
നിജോയുടെയും ശിൽപയുടെയും ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓൺലൈൻ വായ്പ ഇടപാടുകാർ മോർഫ് ചെയ്ത ഫോട്ടോ അയച്ചു കൊടുത്തു 25 പേരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മരണ ദിവസം ഇവർ എഴുതിയെന്നു കരുതുന്ന ആത്മഹത്യ കുറിപ്പിലും വായ്പത്തട്ടിപ്പിനെ കുറിച്ചു പരാമർശിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
വലിയ കടമക്കുടിയിൽ മാടശേരി നിജോ (39), ഭാര്യ ശിൽപ (29), മക്കളായ ഏയ്ബൽ (7), ആരോൺ (5) എന്നിവരെ ചൊവ്വാഴ്ചയാണു മരിച്ചനിലയിൽ വീട്ടിൽ കണ്ടെത്തിയത്. ശിൽപയുടെ ജോലി സംബന്ധമായ കാര്യങ്ങൾക്കു വിദേശത്തു പോകുന്നതുമായ ബന്ധപ്പെട്ടുണ്ടായ സാമ്പത്തികബാധ്യതയാണു മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ ഇന്നലെ ബന്ധുക്കൾക്കും ചില സുഹൃത്തുക്കൾക്കും ലഭിച്ച വാട്സാപ് സന്ദേശമാണു ഓൺലൈൻ വഴിയുള്ള വായ്പത്തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതിന്റെ സൂചനയായത്. ശിൽപയുടെ അക്കൗണ്ടിൽനിന്നു 9300 രൂപ വായ്പയുടെ ഗഡുവായി നൽകിയതിന്റെ തെളിവ് പൊലീസിനു ലഭിച്ചിട്ടുണ്ട്. എത്ര രൂപയാണ് ഓൺലൈൻ വായ്പയായി വാങ്ങിയതെന്ന വിവരവും അറിവായിട്ടില്ല.
കഴിഞ്ഞ മാസം തിരിച്ചടവ് മുടങ്ങിയതോടെയാണു വായ്പ നൽകിയ ഓൺലൈൻ സംഘം ശിൽപയുടെ ഫോണിലേക്കു ഭീഷണി സന്ദേശങ്ങൾ അയച്ചു തുടങ്ങിയത്. മോർഫ് ചെയ്ത നഗ്ന ഫോട്ടോ ഉൾപ്പെടെ സന്ദേശങ്ങൾ ശിൽപയുടെ കോൺടാക്ട് ലിസ്റ്റിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും മൊബൈൽ ഫോണിൽ വാട്സാപ് ആയും അയച്ചുകൊടുത്തു.
ഒരു സ്ത്രീയുടെ ഹിന്ദിയിലുള്ള ശബ്ദ സന്ദേശമാണ് എല്ലാവർക്കും ലഭിച്ചിട്ടുള്ളത്. തിരിച്ചടവ് മുടങ്ങിയെന്നും പണം ഉടൻ തിരിച്ചടച്ചില്ലെങ്കിൽ നഗ്ന ചിത്രങ്ങളടക്കം എല്ലാ കോൺടാക്ടുകളിലേക്കും അയച്ചു നൽകുമെന്നും ശബ്ദ സന്ദേശത്തിലുണ്ട്.