മാതാപിതാക്കള്‍ ഓണ്‍ലൈന്‍ ഗെയിം വിലക്കി; സ്വര്‍ണവും പണവുമായി മുങ്ങിയ 15 കാരന്‍ പിടിയില്‍
ചെന്നൈ: ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ മാതാപിതാക്കള്‍ വിലക്കിയതിനെത്തുടര്‍ന്ന് വീട്ടില്‍ നിന്ന് പണവും സ്വര്‍ണ്ണവുമായി മുങ്ങിയ 15 കാരന്‍ പിടിയില്‍. 33 ലക്ഷം രൂപയും 213 പവന്‍ സ്വര്‍ണവുമായാണ് കടന്നത്. മാതാപിതാക്കളുടെ ശല്യമില്ലാതെ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ നേപ്പാളിലേക്ക് കടക്കാനായിരുന്നു ശ്രമം.
ഇതിനായി പഴയ ഫോണ്‍ ഉപേക്ഷിച്ച് പുതിയ ഐഫോണ്‍ വാങ്ങി സിം കാര്‍ഡ് മാറ്റിയിരുന്നുവെങ്കിലും പൊലീസ് കണ്ടെത്തുകയായിരുന്നു. പഴയ വാഷര്‍മെന്‍പേട്ട് ഏരിയയില്‍ കോണ്‍ട്രാക്ടറായ അച്ഛനും, കോളേജ് പ്രൊഫസറായ അമ്മയ്‌ക്കൊപ്പവുമാണ് കുട്ടി താമസിച്ചിരുന്നത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്ന കുട്ടി ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഇടയിലും മാതാപിതാക്കളുടെ ഫോണില്‍ കളിച്ചിരുന്നു.
മാതാപിതാക്കള്‍ എതിര്‍ത്തതോടെ നിരന്തരം വീട്ടില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു. ഇതോടെയാണ് കുട്ടി വീട് വിട്ട് പോകാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലിന് പുറപ്പെടേണ്ട നേപ്പാളിലേക്കുള്ള വിമാന ടിക്കറ്റും ഇതിനായി കുട്ടി ബുക്ക് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പിടികൂടിയത്. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.