കൊച്ചി: ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസിലെ ഒരു സാക്ഷി കൂടി മരിച്ചു. കേസിലെ 33-ാം സാക്ഷിയായ കോടനാട് വേഴപ്പള്ളി വീട്ടില്‍ സിജോയ് ജോണ്‍ (40) ആണ് മരിച്ചത്. ഇന്നലെ രാവിലെ താമസസ്ഥലത്ത് അവശനിലയില്‍ കണ്ടെത്തിയ സിജോയിയെ ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണമടയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
ബിഷപ് ഫ്രാങ്കോ കേസിലെ വിസ്താരം ഈ മാസം 16ന് തുടങ്ങാനിരിക്കേ സാക്ഷിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സേവ് ഔര്‍ സിസ്റ്റേഴ്സ് (എസ്.ഒ.എസ്) ആരോപിച്ചു. ജലന്തറിലെ വൈദികനായ ഫാ.ആന്റണിവേഴപ്പിള്ളിയുടെ സഹോദരനാണ് സിജോയ്. പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ക്കെതിരെ ബിഷപ്പ് ഫ്രാങ്കോയുടെ പി.ആര്‍.ഒ നല്‍കിയ കേസ്സില്‍ സിജോയ് പ്രധാന സാക്ഷിയായിരുന്നു.
ജലന്തര്‍ രൂപതയില്‍ മുന്‍പ് ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്നയാളാണ് സിജോയ്. ബിഷപ് ഫ്രാങ്കോ കേരളത്തില്‍ വന്ന് അപായപ്പെടുത്തുമെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് സിജോയി എഴുതിയ ഒരു കത്തും അതില്‍ പോലീസ് നടത്തിയ അന്വേഷണവുമാണ് പീഡനവിവരം പുറത്തുകൊണ്ടുവന്നത്.
സിജോയ് എഴുതിയ കത്തിനെ തുടര്‍ന്ന് ജലന്തര്‍ രൂപത പി.ആര്‍.ഒ കന്യാസ്ത്രീക്കും കുടുംബത്തിനുമെതിരെ കോട്ടയത്തെത്തി പോലീസിന് പരാതി കെമാറുകയായിരുന്നു. കത്ത് പരാതിയില്‍ തെളിവായി ഹാജരാക്കിയിരുന്നു. എന്നാല്‍ മുമ്പ് ജലന്തര്‍ ബിഷപ്പ് ഹൗസിലെ ഡ്രൈവര്‍ ആയിരുന്ന സിജോയിയെ വിമാന ടിക്കറ്റ് അയച്ചുകൊടുത്ത് ജലന്തറിലേയ്ക്ക് വിളിച്ചു വരുത്തി ഇങ്ങനെ ഒരു കത്ത് എഴുതി വാങ്ങിയതായിരുന്നു എന്നും കന്യാസ്ത്രീയുടെ സഹോദരന്‍ ഭീഷണിപ്പെടുത്തിയിട്ടില്ല എന്നും പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. സിജോയ് ഇക്കാര്യം പോലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് ആ കേസ്സ് റഫര്‍ ചെയ്തു. ഇക്കാര്യങ്ങള്‍ തെളിയിക്കുന്നതിനു വേണ്ടിയാണ് പോലീസ് സിജോയിയെ പീഡന കേസ്സില്‍ സാക്ഷിയാക്കിയത്. കൂടാതെ കന്യാസ്ത്രീകളുടെ നീക്കങ്ങള്‍ തന്നെ അറിയിക്കണമെന്നും അല്ലെങ്കില്‍ കൊന്നുകളയുമെന്നും മറ്റും സിജോയി കുറവിലങ്ങാട് മംത്തിലെ ജോലിക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ ഭീഷണിപ്പെടുത്തിയ കാര്യത്തിന് പോലീസ് കേസ് എടുക്കുകയും സിജോയി അറസ്റ്റിലാവുകയും ചെയ്തിരുന്നു.
പീഡന കേസ്സിന്റെ വിചാരണ സെപ്തം: 16-ന് ആരംഭിക്കാനിരിക്കെയാണ് സിജോയിയുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണം. ബിഷപ് ഫ്രാങ്കോക്ക് എതിരെ പോലീസിന് മൊഴി നല്‍കിയ വൈദികന്‍ ഫാ. കുര്യാക്കോസ് കാട്ടുതറ ആദ്യനാളുകളില്‍ ജലന്തറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഫ്രാങ്കോ ജാമ്യത്തിലിറങ്ങി ജലന്തറില്‍ തിരിച്ചെത്തി ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഈ മരണം.