ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് കോട്ടയം സ്വദേശി മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം അയര്‍ക്കുന്നം സ്വദേശി ടി.സി സണ്ണിയാണ് മരിച്ചത്. ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്നു.
അതേസമയം ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മൂന്നു മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം ഈസ്റ്റ് കോഡൂര്‍ സ്വദേശി സൈദലവി കുവൈത്തിലും മഞ്ചേരി തൃക്കലങ്ങോട് സ്വദേശി അബ്ദുള്‍ ലത്തീഫ് ദമാമിലും കോഴിക്കോട് കടലൂണ്ടി സ്വദേശി അബ്ദുള്‍ ഹമീദ് റിയാദിലും മരിച്ചു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 207 ആയി.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ 2,76,000 കടന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 2,76,583 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനിടെ 9,985 പുതിയ കേസുകളും 279 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 7,745 ആയി. രാജ്യത്ത് 1,33,632 സജീവ കേസുകളാണുള്ളത്. 1,35,206 പേര്‍ രോഗമുക്തരായി. സജീവ കേസുകളെക്കാള്‍ കൂടുതല്‍ ആളുകള്‍ രോഗമുക്തരായി എന്നത് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്.
മഹാരാഷ്ട്രയില്‍ കൊവിഡ് കേസ് 90,000 കടന്നു. 90,787 പേര്‍ക്കാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 2,259 പേര്‍ക്ക് രോഗം ബാധിക്കുകയും 120 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 3,289 ആയി. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനെ മുംബൈ മറികടന്നു. കൊവിഡ് രോഗികളുടെ എണ്ണം മുംബൈയില്‍ 51,000 ആണ് കടന്നത്. വുഹാനെക്കാളും 700 രോഗികള്‍ മുംബൈയില്‍ കൂടുതലാണ്. മുംബൈയില്‍ 1,760 പേരാണ് രോഗം ബാധിച്ചു മരിച്ചത്. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കു തൊട്ടു പിന്നിലുള്ള സംസ്ഥാനം തമിഴ്നാട് ആണ്. 34,914 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 307 പേര്‍ ഇവിടെ മരിച്ചു. 18,325 പേര്‍ രോഗമുക്തരായി.