25.3 C
Kottayam
Tuesday, May 14, 2024

പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; ആകെ മരണം 56 ആയി

Must read

മൂന്നാര്‍: രാജമല പെട്ടിമുടിയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ആകെ 56 പേരുടെ മൃതദേഹമാണ് എട്ട് ദിവസമായപ്പോഴേക്കും കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം. ഇന്ന് തെരച്ചിലിന് അനുകൂലമായ കാലാവസ്ഥയാണ് പ്രദേശത്തുള്ളത്. 50 പേരുടെ സംഘമായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തുന്നത്.

രണ്ട് സ്ഥലങ്ങളിലാണ് ഇന്ന് പ്രധാനമായും തെരച്ചില്‍ നടത്തുന്നത്. പുഴയുടെ തീരം കേന്ദ്രീകരിച്ചാണ് തെരച്ചില്‍. നേരത്തെ പുഴയുടെ തീരങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. കാണാതായ 14 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഓഗസ്റ്റ് ഏഴാം തിയതിയാണ് നാടിനെ നടുക്കുന്ന ദുരന്തമുണ്ടായത്.

ഇന്നലെ സ്ഥലം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചിരുന്നു. പെട്ടിമുടിയില്‍ പുനരധിവാസം ഉടന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മൂന്നാറിലെ പെട്ടിമുടി സന്ദര്‍ശിച്ചതിന് പിന്നാലെ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പെട്ടിമുടിയില്‍ വീടുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കവളപ്പാറയിലും പുത്തുമലയിലും പോലെ പെട്ടിമുടിയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ സ്ഥലത്ത് വീട് നിര്‍മ്മിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കണ്ണന്‍ദേവന്‍ കമ്പനി കാര്യമായി സഹായിക്കുമെന്ന് കരുതുന്നുവെന്നും സര്‍ക്കാരും വേണ്ടത് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week