കേരളത്തില്‍ നിന്ന് മാത്രമല്ല, ഈ 11 സംസ്ഥാനങ്ങളില്‍ നിന്ന് നമുക്ക് ഇനി റേഷന്‍ വാങ്ങാം!
കൊച്ചി: ജനുവരി ഒന്നുമുതല്‍ കേരളത്തിനുപുറമേ രാജ്യത്തെ 11 സംസ്ഥാനത്തുനിന്ന് മലയാളികള്‍ക്ക് റേഷന്‍ വാങ്ങാം. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാണ, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് മലയാളികള്‍ക്ക് റേഷന്‍ വാങ്ങാനാകുക. ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതിപ്രകാരമാണ് ഈ മാറ്റം. സമാനരീതിയില്‍ മറ്റു സംസ്ഥാനക്കാര്‍ക്ക് കേരളത്തില്‍നിന്നും റേഷന്‍ വാങ്ങാന്‍ സാധിക്കും.
മലയാളികള്‍ക്ക് കേരളം കൂടാതെ കര്‍ണാടകയില്‍നിന്ന് മാത്രം റേഷന്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് പത്തുസംസ്ഥാനങ്ങളുടെ ക്ലസ്റ്ററുകള്‍കൂടി ബന്ധിപ്പിക്കുകയായിരുന്നു. വരും വര്‍ഷം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ ഒറ്റ സെര്‍വറിലേക്ക് മാറ്റുന്നതോടെ രാജ്യത്ത് എവിടെനിന്നും റേഷന്‍ വാങ്ങാനാകും.
എന്നാല്‍ ഈ ആനുകൂല്യം മുന്‍ഗണനാ വിഭാഗത്തിനും (ചുവപ്പ് കാര്‍ഡ്), എ.എ.വൈ. (മഞ്ഞക്കാര്‍ഡ്) വിഭാഗത്തിനും മാത്രമായിരിക്കും ലഭിക്കുക. പൂര്‍ണമായും ആധാര്‍ അധിഷ്ഠിതമായി വിരലടയാളം സ്വീകരിച്ചായിരിക്കും റേഷന്‍ നല്‍കുന്നത് എന്നതുകൊണ്ടുതന്നെ റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ. മുന്‍ഗണനേതര വിഭാഗം (വെള്ളക്കാര്‍ഡ്), മുന്‍ഗണനേതര സബ്‌സിഡി വിഭാഗം (നീലക്കാര്‍ഡ്) എന്നിവര്‍ക്ക് കേരളത്തില്‍ നിന്നു മാത്രമേ റേഷന്‍ ലഭിക്കൂ. ജോലിക്കും മറ്റുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് താമസം മാറി പോയവര്‍ക്കാണ് ഈ മാറ്റം ഏറ്റവും പ്രയോജനകരമാകുന്നത്.