KeralaNews

പത്തു ദിവസം മുമ്പും ജയപാലന് ലോട്ടറിയടിച്ചു, സമ്മാനത്തിന് വീണ്ടുമെടുത്ത ലോട്ടറിയിലൂടെ 12 കോടി വീട്ടിലേക്ക്

കൊച്ചി:ഓണം ബംപറടിച്ചതിന്റെ അമിതാഹ്ലാദമൊന്നും മരടിലെ ഓട്ടോഡ്രൈവറായ ജയപാലന്റെ മുഖത്തില്ല. മുൻപ് പലപ്പോഴും ചെറിയ തുകകൾ അടിച്ചിട്ടുള്ളതിനാൽ അത് പോലെത്തന്നെയാണ് ഇത്തവണയും. എന്നാൽ ഇക്കുറി തുക അൽപ്പം വലുതാണെന്ന് മാത്രം.

പത്ത് ദിവസങ്ങൾക്ക് മുൻപാണ് ജയപാലൻ ഓണം ബംപറിലെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വാങ്ങുന്നത്. സെപ്തംബർ ഒൻപതിന് നറുക്കെടുത്ത കേരള ഭാഗ്യക്കുറിയിൽ 5000 രൂപയുടെ സമ്മാനമുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം ഈ തുക വാങ്ങാൻ പോയപ്പോഴാണ് ഓണം ബംപറും വാങ്ങിയത്. അന്ന് തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറി ഏജൻസിയിൽ ഓണം ബംപറിന്റെ ടിക്കറ്റുകൾ നോക്കി. കണ്ടപ്പോൾ ഒരു ഫാൻസി നമ്പർ പോലെ തോന്നിയത് കൊണ്ടാണ് താൻ ആ ടിക്കറ്റ് തന്നെയെടുത്തതെന്നും ജയപാലൻ പറഞ്ഞു. ടിഇ 645465 എന്ന നമ്പർ അങ്ങിനെ ജയപാലനെ ഈ വർഷത്തെ ഏറ്റവും വലിയ ഭാഗ്യവാനാക്കി മാറ്റി.

നേരത്തെ ഓണം ബംപർ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി പ്രവാസി മലയാളിയായ സെയ്ദലവി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായിൽ ഹോട്ടൽ ജീവനക്കാരനായ സെയ്തലവിയുടെ അവകാശവാദം. എന്നാൽ ടിക്കറ്റെടുത്തെന്ന് പറഞ്ഞ സുഹൃത്ത് ഈ വാദം നിഷേധിച്ചു. ടിക്കറ്റ് വിറ്റത് എറണാകുളത്ത് തന്നെയാണെന്ന് തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറി ഏജൻസീസ് അപ്പോഴും ഉറപ്പിച്ച് പറഞ്ഞിരുന്നു

രാവന്തിയോളം ഓട്ടോറിക്ഷയോടിച്ചാണ് ജയപാലൻ ജീവിതം നെയ്തെടുത്തത്. മകൻ കൊച്ചിയിലെ ന്യൂക്ലിയസ് മാളിലാണ് ജോലി ചെയ്യുന്നത്. ഇന്നലെ രാത്രി തന്നെ ഒന്നാം സമ്മാനം തങ്ങൾക്കാണെന്ന് ഇവർക്ക് മനസിലായിരുന്നെങ്കിലും അതാരോടും പറയാതെ സൂക്ഷിച്ചു. അടുത്ത സുഹൃത്തായ സഖാവ് മമ്മദിനെ ഇന്ന് രാവിലെ കൂടി ജയപാലൻ കണ്ടതാണ്. എന്നിട്ടും ബമ്പറടിച്ച കാര്യമൊന്നും പറഞ്ഞില്ല. പതിവ് കുശാലാന്വേഷണങ്ങൾ നടത്തി പിരിഞ്ഞു. അവിടെ നിന്ന് നേരെ പോയത് ബാങ്കിലേക്കായിരുന്നു. ടിക്കറ്റ് കൊടുത്ത് സമ്മാനം തങ്ങൾക്ക് തന്നെ ഉറപ്പിച്ച ശേഷമാണ് ഇക്കാര്യം ജയപാലനും കുടുംബവും പുറത്തുവിട്ടത്.

‘കുറച്ച് കടമുണ്ട്, അത് തീർക്കണം. പിന്നെ രണ്ട് സിവിൽ കേസുകളുണ്ട്. അതും വേഗം തീർക്കണം. മക്കളുടെ കാര്യം നോക്കണം. രണ്ട് സഹോദരിമാർക്ക് എന്തെങ്കിലും കൊടുക്കണം,’ – അക്കൗണ്ടിൽ വരാനിരിക്കുന്ന കോടികൾ എന്തുചെയ്യുമെന്ന ചോദ്യത്തിന് ജയപാലന്റെ മറുപടി ഇതായിരുന്നു. ഭാഗ്യതാരത്തെ കാണാൻ മരടിലെ വീട്ടിലെത്തിയ മാധ്യമങ്ങളോട് ഇതായിരുന്നു ജയപാലന്റെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker