ലിഫ്റ്റ് ചോദിച്ച് സ്‌കൂട്ടറില്‍ കയറിയ വയോധികന്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു
മുംബൈ: ലിഫ്റ്റ് ചോദിച്ച് സ്‌കൂട്ടറില്‍ കയറി പിന്നിലിരുന്നത് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച വയോധികന്‍ അറസ്റ്റില്‍. മുംബൈയിലെ അന്ദേരിയിലാണ് വെള്ളിയാഴ്ചയാണ് സംഭവം. അന്ദേരി സ്വദേശി 65കാരന്‍ അരുണ്‍ അഗര്‍വാളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ അന്ദേരി സ്റ്റേഷനിലെത്തിയ പ്രതി 22കാരിയായ യുവതിയോട് ലിഫ്റ്റ് ചോദിക്കുകയായിരുന്നു. മഴയായതിനാല്‍ മറ്റ് വണ്ടികള്‍ ഒന്നും കിട്ടുന്നില്ലെന്നും അരുണ്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ചു. ഇതോടെയാണ് യുവതി ഇയാളെ സ്‌കൂട്ടറില്‍ കയറ്റാന്‍ തയ്യാറായത്. എന്നാല്‍ യാത്രക്കിടെ അരുണ്‍ യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിച്ചു. യുവതി ഉടന്‍ സ്‌കൂട്ടര്‍ നിര്‍ത്തി നിലവിളിച്ചു. ഈ സമയം സ്‌കൂട്ടറില്‍ നിന്നിറങ്ങി അരുണ്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ യുവതിയുടെ ശബ്ദം കേട്ട് ഓടിക്കൂടിയവര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.