കോട്ടയം: ഫേസ്ബുക്കില്‍ കുറച്ചു ദിവസങ്ങളായി ചലഞ്ചുകളുടെ ബഹളമാണ്. ഇതിനിടെ വൈറല്‍ ആവുകയാണ് മുണ്ടക്കയം മരുത്മൂട് സ്വദേശികളായ കുഞ്ഞുകുട്ടി- ചിന്നമ്മ ദമ്പതികളുടെ കപ്പിള്‍ ചലഞ്ച്. വിവാഹം കഴിഞ്ഞ് 58 വര്‍ഷങ്ങളായെങ്കിലും കപ്പിള്‍ ചലഞ്ചില്‍ ഇവര്‍ക്ക് കിട്ടിയത്ര ലൈക്കുകള്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ കൊച്ചുമകന്‍ ജിബിന്‍ പകര്‍ത്തിയ ചിത്രമാണ് ശ്രദ്ധ നേടിയത്.
1962ല്‍ വിവാഹം നടന്നപ്പോള്‍ ഫോട്ടോ എടുക്കാനായില്ല. ഈ സങ്കടം പറഞ്ഞപ്പോള്‍ കൊച്ചുമകന് ഒരു ഐഡിയ തോന്നി. ആശയം പറഞ്ഞപ്പോള്‍ 85കാരന്‍ കുഞ്ഞുകുട്ടിയ്ക്കും 80കാരി ചിന്നമ്മയ്ക്കും നൂറ് സമ്മതം. മുണ്ടക്കയം മുപ്പത്തിയാറിലെ വ്യാകുലമാതാ ഫെറോന പള്ളിയിലെ കപ്യാര്‍ ആയിരുന്നു കുഞ്ഞുകുട്ടി. ഈ കപ്യാരുടെയും ഭാര്യയുടെയും കപ്പിള്‍ ചലഞ്ച് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പിന്തുണച്ചത് ഒരു ലക്ഷത്തിനടുത്ത് ആളുകളാണ്.
വൃദ്ധ ദമ്പതിമാരുടെ കപ്പിള്‍ ചലഞ്ച് ഹിറ്റായതോടെ കൊച്ചുമകനും ഫേമസായി. രണ്ട് വര്‍ഷമായി ഫോട്ടോഗ്രഫി രംഗത്ത് പ്രവര്‍ത്തിക്കുന്ന ജിബിന്റെ കൊവിഡ് കാലത്തെ കല്യാണ ചിത്രവും അടുത്ത കാലത്ത് വൈറല്‍ ആയിരുന്നു.